കുഞ്ചാക്കോ ബോബൻ ചിത്രം ഒറ്റിന്റെ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി; ചിത്രം ഓണത്തിന് തിയേറ്ററുകളിൽ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ‘ഒറ്റ്’ റിലീസിനൊരുങ്ങുകയാണ്. കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും നായകന്മാരാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രമാണ് ‘ഒറ്റ്.’ ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം ‘തീവണ്ടി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ്. 25 വർഷങ്ങൾക്ക് ശേഷം ഒറ്റിലൂടെ അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
നടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടത്. സെപ്റ്റംബർ 8 ന് ചിത്രം ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
നേരത്തെ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വന്നിരുന്നു. മികച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. മാസ്സ് ലുക്കിലാണ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ചിത്രത്തിലെത്തുന്നത്. മമ്മൂട്ടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രെയ്ലർ പുറത്തു വിട്ടത്.
ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ബോളിവുഡ് നടൻ ജാക്കി ഷെറോഫും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആടുകളം നരേന്, അമാല്‍ഡ ലിസ്, ജിന്‍സ് ഭാസ്കര്‍, സിയാദ് യദു, അനീഷ് ഗോപാല്‍, ലബാന്‍ റാണെ, ശ്രീകുമാര്‍ മേനോന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More: ‘നിങ്ങൾ ഇത് എന്റെ ഏറ്റവും വലിയ റിലീസ് ആക്കി’-ആരാധകർക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് കാളിദാസ്
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനങ്ങളുമെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴിൽ റിലീസ് ചെയ്യുന്നത്.
Story Highlights: Mammootty announces ottu release date