‘മണിരത്‌നത്തിന്റെ സിനിമകൾ എപ്പോഴും വ്യത്യസ്തവും ഐതിഹാസികവുമാണ്’- ഐശ്വര്യ റായ്

September 27, 2022

‘പൊന്നിയിൻ സെൽവൻ’ സെപ്തംബർ 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ചരിത്രപരമായ ഇതിഹാസ നോവലിനെ ആസ്പദമാക്കിയുള്ളതാണ്. ഒൻപതാം നൂറ്റാണ്ടിൽ നടന്ന ചില സംഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. സിനിമയുടെ പ്രമോഷൻ സജീവമായതോടെ ഇന്ത്യയൊട്ടാകെയുള്ള പ്രമോഷൻ ടൂറിലാണ് താരങ്ങളും നടിമാരും. ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, ചിത്രത്തിന്റെ അഭിനേതാക്കൾ മണിരത്നത്തിന്റെ അഭിനിവേശത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചു.

ഇപ്പോഴിതാ, മണിരത്നത്തിനെകുറിച്ചുള്ള ഐശ്വര്യ റായിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മണിരത്‌നത്തിന്റെ സിനിമ എപ്പോഴും വ്യത്യസ്തവും ഐതിഹാസികവുമാണെന്ന് നടി ഐശ്വര്യ റായ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത്, ഷൂട്ട് എപ്പോൾ പൂർത്തിയായി എന്ന് പോലും ആരും അറിഞ്ഞിരുന്നില്ലെന്നും മണിരത്‌നത്തിനൊപ്പമുള്ള തമിഴിലെ തന്റെ ആദ്യ ചിത്രമായ ‘ഇരുവർ’ മുതൽ ഇത് ഇങ്ങനെ തന്നെയാണെന്നും നടി വെളിപ്പെടുത്തി.’ഈ രംഗം എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾ കണ്ടുപിടിക്കും, ഷോട്ട് പൂർത്തിയാക്കിയതിന് ശേഷവും, എന്ത് ചെയ്യണമെന്ന് ഞങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കും, അത് ശരിയാണോ എന്ന് ഞങ്ങൾ ചിന്തിക്കുമ്പോഴേക്കും, അദ്ദേഹം ഇതിനകം അടുത്ത സീനിലേക്ക് നീങ്ങിയിരിക്കും. ഞങ്ങൾ ചുറ്റും നോക്കും, അപ്പോൾ ആ സീൻ കഴിഞ്ഞോ എന്ന് ഡിഒപി രവി വർമ്മനോട് ചോദിക്കും’ ഐശ്വര്യ പറഞ്ഞു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ.  ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുകയും ടീസർ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു. രണ്ടുഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ‘പി.എസ് 1’ എന്ന് പേര് നൽകിയിട്ടുണ്ട്.

Read Also: ഇതാണ് ആ ഭാഗ്യവാൻ; ഓണം ബമ്പറിന്റെ 25 കോടി നേടിയ തിരുവനന്തപുരം സ്വദേശി അനൂപ് ടിക്കറ്റുമായി ലോട്ടറി ഏജന്‍സിയിലെത്തി-വിഡിയോ

മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിച്ച പൊന്നിയിൻ സെൽവനിൽ വിക്രം, ജയം രവി, വിക്രം പ്രഭു, തൃഷ കൃഷ്ണൻ, മോഹൻ ബാബു, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ശിവ അനന്ത്. എ.ആർ റഹ്മാൻ സംഗീതം ഒരുക്കും. രവി വർമ്മനാണ് ഛായാഗ്രഹണം.

Story highlights- Mani Ratnam’s films are always different and iconic