ഇതാണ് ആ ഭാഗ്യവാൻ; ഓണം ബമ്പറിന്റെ 25 കോടി നേടിയ തിരുവനന്തപുരം സ്വദേശി അനൂപ് ടിക്കറ്റുമായി ലോട്ടറി ഏജന്‍സിയിലെത്തി-വിഡിയോ

September 18, 2022

തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് ഇത്തവണത്തെ ഓണം ബമ്പർ നേടിയത്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ഇപ്പോൾ സമ്മാനാർഹമായ ടിക്കറ്റുമായി അനൂപ് ഭഗവതി ഏജൻസിയിൽ എത്തിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അനൂപ് തന്റെ ടിക്കറ്റ് മാധ്യമങ്ങൾക്ക് മുൻപിൽ ഉയർത്തി കാണിക്കുകയും ചെയ്‌തു. വലിയ കൈയടികളോടെയും ആവേശത്തോടെയുമാണ് ആളുകൾ അനൂപിനെ എതിരേറ്റത്. വീട്ടിൽ നിന്ന് ലോട്ടറി ഏജൻസിയിലേക്കുള്ള യാത്രയ്ക്കിടയിൽ നിരവധി ആളുകൾ അനൂപിന് അഭിനന്ദനം അറിയിച്ചിരുന്നു.

കടയിലെ കൗണ്ടർ സ്റ്റാഫായ തങ്കരാജനാണ് ടിക്കറ്റ് വിറ്റത്. ‘ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജൻസിയിലെ ടിക്കറ്റ് തീർന്നതിനാൽ മറ്റ് കടകളിൽ നിന്നാണ് ടിക്കറ്റ് ഇവിടെ കൊണ്ടു വന്നത്. അതിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നമ്മുടെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്’- തങ്കരാജൻ നേരത്തെ പറഞ്ഞു.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയും മൂന്നാം സമ്മാനം ഒരു കോടി രൂപയുമാണ്.

Read More: ‘ഏയ് തായ് കിളവി..’- ഹിറ്റ് ഗാനത്തിന് കുടുംബസമേതം ചുവടുവെച്ച് വൃദ്ധി വിശാൽ

നാല് വർഷങ്ങൾക്ക് ശേഷം ഓണം വിപുലമായി ആഘോഷിച്ച മലയാളികൾ ഓണം ബമ്പറിനെയും ആവേശത്തോടെ ഏറ്റെടുത്തു. 500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകൾ ഭാഗ്യപരീക്ഷണത്തിനിറങ്ങി. ഇന്നലെ അവസാന മണിക്കൂറുകളിൽ വൻ തിരക്കാണ് ലോട്ടറി കടകളിൽ കണ്ടത്. ഓണം ബമ്പർ ചോദിച്ച് ആളുകൾ സമീപിക്കുന്നത് ചില്ലറ വിൽപനക്കാർക്കും ഊർജമായി. ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം 12 കോടി രൂപ ഒന്നാം സമ്മാനം നൽകിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്.

Story Highlights: Onam bumper winner anoop reached lottery agency