മമ്മൂട്ടിക്ക് ശേഷം മോഹൻലാലിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി കൈകോർക്കുന്നുവെന്ന് റിപ്പോർട്ട്

September 23, 2022

മെഗാതാരം മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. മലയാള സിനിമയെ അന്താരാഷ്‌ട്ര തലങ്ങളിലേക്ക് എത്തിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിക്കൊപ്പം ചെയ്യുന്ന സിനിമ എന്ന നിലയിൽ പ്രഖ്യാപിച്ച സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രം കൂടിയാണ് ‘നൻപകൽ നേരത്ത് മയക്കം.’ ചിത്രം ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.

എന്നാലിപ്പോൾ മറ്റൊരു വാർത്തയാണ് സിനിമ പ്രേക്ഷകർക്ക് ആവേശമാവുന്നത്. മമ്മൂട്ടിക്ക് ശേഷം സൂപ്പർ താരം മോഹൻലാലിനൊപ്പം ലിജോ സിനിമ ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലാണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരിക്കുന്നത്. 2023 ജനുവരിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചേക്കും. ജീത്തു ജോസഫ് ചിത്രം റാമിന് ശേഷം മോഹൻലാൽ ലിജോയുടെ ചിത്രമായിരിക്കും ചെയ്യാൻ പോവുന്നതെന്നും ശ്രീധര്‍ പിള്ള കൂട്ടിച്ചേർത്തു.

അതേ സമയം ജീത്തു ജോസഫിന്റെ റാം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു. വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു.

Read More: ‘ചട്ടമ്പി’ ഇന്ന് തന്നെ; ആദ്യ ഷോ വൈകിട്ട് 6 ന്

ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. സിനിമയുടെ ഒരു പോസ്റ്ററും സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് ചിത്രത്തിനൊപ്പം കുറിച്ചു. മോഹൻലാലിനൊപ്പം തൃഷ, ദുർഗ കൃഷ്‌ണ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Mohanlal and lijo jose pellissery may join for a movie