ലാലേട്ടൻറെ മുഖമുള്ള ഓണപ്പൂക്കളം; കോളേജ് ഓണാഘോഷത്തിന്റെ വിഡിയോ ശ്രദ്ധേയമാവുന്നു

September 1, 2022

നടൻ മോഹൻലാലിനെ പറ്റിയുള്ള വാർത്തകളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്നാണ് ശ്രദ്ധേയമാവുന്നത്. മോഹൻലാലിന്റേതായി പുറത്തു വരുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരാധകർ വലിയ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ മോഹൻലാലിൻറെ മുഖം വെച്ചൊരുക്കിയ ഒരു ഓണപ്പൂക്കളമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. തിരുവനന്തപുരം എം.ജി കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിനിടയിൽ മോഹൻലാലിൻറെ മുഖമുള്ള പൂക്കളമൊരുക്കിയത്. ഇതിന്റെ വിഡിയോ മോഹൻലാൽ ഫാൻസ്‌ ക്ലബിൻറെ ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

അതേ സമയം ‘ഋഷഭ’ എന്ന ബിഗ് ബഡ്‌ജറ്റ്‌ പാൻ ഇന്ത്യൻ സിനിമയുടെ ഭാഗമാവാൻ ഒരുങ്ങുകയാണ് മോഹൻലാൽ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് അടക്കം നാല് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. ദുബായിൽ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ചിത്രത്തെ പറ്റി സംസാരിച്ചത്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസിനൊപ്പം മറ്റ് ചിലരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

Read More:വിമാനത്തിൽ തൊട്ടടുത്ത് വിജയ് വന്നാലെന്ത് ചെയ്യും; അപ്രതീക്ഷിതമായ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടി

ഇപ്പോൾ ജീത്തു ജോസഫിന്റെ റാമിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് റാമിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

Story Highlights: Mohanlal onappookkalam video goes viral