വിമാനത്തിൽ തൊട്ടടുത്ത് വിജയ് വന്നാലെന്ത് ചെയ്യും; അപ്രതീക്ഷിതമായ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടി

September 1, 2022

അപ്രതീക്ഷിതമായി സൂപ്പർ താരം വിജയ്‌ക്കൊപ്പം യാത്ര ചെയ്‌തതിന്റെ സന്തോഷത്തിലാണ് നടി വരലക്ഷ്‌മി ശരത് കുമാർ. ഹൈദരാബാദിലേക്കുള്ള ഫ്ലൈറ്റ് യാത്രയ്ക്കിടയിലാണ് നടി വിജയിയെ കണ്ടുമുട്ടിയത്. താരത്തിനൊപ്പമുള്ള ചിത്രങ്ങളും വരലക്ഷ്‌മി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

“ഹൈദരാബാദിലേക്ക് ഇങ്ങനെ ഒരു ഫ്ലൈറ്റ് യാത്ര ഇതിന് മുൻപുണ്ടായിട്ടില്ല. പ്രിയപ്പെട്ട ദളപതി വിജയ് എൻറെ തൊട്ടരികിൽ. ഒരുപാട് സന്തോഷം..” ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് വരലക്ഷ്‌മി ശരത് കുമാർ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ സർക്കാർ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഏ.ആർ മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്‌തത്‌. അതേ സമയം ‘വരിശ്’ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വരിശിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജുമായി വീണ്ടും കൈകോർക്കാൻ ഒരുങ്ങുകയാണ് വിജയ്. ആരാധകർ ഏറെ കാത്തിരിക്കുന്ന സൂപ്പർ താരം വിജയിയുടെ ‘ദളപതി 67’ ലോകേഷാണ് ഒരുക്കുന്നത്. അധികം വൈകാതെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. സൂപ്പർ ഹിറ്റായ മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Read More: ദിലീപിന്റെ നായികയായി തമന്ന മലയാളത്തിലേക്ക്- പുത്തൻ ചിത്രത്തിന് തുടക്കമായി

കൊവിഡിന് ശേഷം തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്നായിരുന്നു ലോകേഷ് സംവിധാനം ചെയ്‌ത കമൽ ഹാസന്റെ ‘വിക്രം.’ പ്രതിസന്ധിയിലായിരുന്ന തിയേറ്റർ വ്യവസായത്തിന് ഒരു പുതിയ ഉണർവാണ് വിക്രം നൽകിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’ പല ബോളിവുഡ് ചിത്രങ്ങളുടെ വിജയത്തെയും വിക്രത്തിന്റെ ബോക്‌സോഫീസ് തേരോട്ടം ബാധിച്ചിരുന്നു.

Story Highlights: Varalakshmi sharath kumar surprise meet up with vijay