ആരാധകർക്ക് സന്തോഷ വാർത്ത; മോഹൻലാലിൻറെ ‘മോൺസ്റ്റർ’ ദീപാവലിക്ക് തിയേറ്ററുകളിൽ

September 18, 2022

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ.’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ തിരക്കഥ രചിച്ച ഉദയകൃഷ്‌ണ തന്നെയാണ്. മോൺസ്റ്ററിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോൾ സിനിമ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ചിത്രം റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഒക്‌ടോബർ 21 ന് മോൺസ്റ്ററിന്റെ റിലീസുണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്.

അതേ സമയം ജീത്തു ജോസഫിന്റെ റാമാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു. വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു.

Read More: “അൽഫോൺസേ, ഒന്ന് ഉഷാറായിക്കേ..”; അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രസകരമായ കമൻറ്റുമായി മേജർ രവി

ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. സിനിമയുടെ ഒരു പോസ്റ്ററും സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് ചിത്രത്തിനൊപ്പം കുറിച്ചു. മോഹൻലാലിനൊപ്പം തൃഷ, ദുർഗ കൃഷ്‌ണ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Monster releasing on deepavali