2022 ലെ കാരംസ് വേൾഡ് ചാംപ്യൻഷിപ് മലേഷ്യയിൽ; കൊച്ചിയിൽ ദേശീയ കോച്ചിങ് ക്യാമ്പുമായി കാരം അസോസിയേഷന് കേരള

ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെ മലേഷ്യയിലെ ലാങ്ക്വായിൽ വെച്ചാണ് കാരംസ് വേൾഡ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്. എട്ടാമത് വേൾഡ് ചാംപ്യൻഷിപ്പാണ് ഇത്തവണ നടക്കുന്നത്. ഇന്റര്‍നാഷണല്‍ കാരം ഫെഡറേഷനില്‍ അംഗങ്ങളായിട്ടുള്ള 20 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. നാല് വര്‍ഷം കൂടുമ്പോഴാണ് കാരംസ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ്, പോളണ്ട്, ഇറ്റലി, ചെക് റിപ്പബ്ലിക്, ബ്രിട്ടണ്, സെര്‍ബിയ, സ്ലോവാനിയ, യുഎസ്എ, കാനഡ, സൗത്ത് കൊറിയ, ജപ്പാന്, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, പാകിസ്താന്, മലേഷ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാകും. പരിശീലനത്തിനായി ഇന്ത്യന്‍ ടീം ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നിന്ന് മലേഷ്യയിലേക്ക് പോകും.
ഇതിനുമുന്‍പായി ഓള് ഇന്ത്യ കാരംസ് ഫെഡറേഷന് ടീമിന്റെ തയ്യാറെടുപ്പുകള്‍ക്കുള്ള ദേശീയ കോച്ചിംഗ് ക്യാമ്പ് സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ കൊച്ചിയില്‍ വെച്ച് നടത്തും. ഇന്ത്യന്‍ ടീമിന് വേണ്ടി കാരം അസോസിയേഷന് കേരളയാണ് പരിശീലന, തയ്യാറെടുപ്പ് ക്യാമ്പ് നടത്തുന്നത്. റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ വച്ചാണ് ഏഴ് ദിവസത്തെ ക്യാംപ് നടക്കുക. എട്ടംഗ സംഘമടങ്ങുന്ന ടീമില്‍ മാനേജര്‍, കോച്ച്, ഓള് ഇന്ത്യ കാരം ഫെഡറേഷനില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടാകും. ഇതോടൊപ്പം എറണാകുളം ജില്ലാ കാരം ചാംപ്യന്‍ഷിപ്പ് കടവന്ത്ര വൈഎംസിഎയില്‍ വച്ച് ഈ മാസം 24, 25 തീയതികളില്‍ നടക്കും.
Read More: 5 കോടി ട്വിറ്റർ ഫോളോവേഴ്സുമായി വിരാട് കോലി; നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരം
കഴിഞ്ഞ 3 ദശകങ്ങളായി ലോക കാരംസിൽ വലിയ ആധിപത്യമാണ് ഇന്ത്യൻ ടീമിനുള്ളത്. ഇത്തവണയും ലോക ചാംപ്യൻഷിപ്പ് നേടാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യൻ ടീം.
Story Highlights: National coaching camp for indian carrom team at kochi