5 കോടി ട്വിറ്റർ ഫോളോവേഴ്‌സുമായി വിരാട് കോലി; നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരം

September 13, 2022

സമൂഹമാധ്യമങ്ങളിലും വലിയ ആരാധക വൃന്ദമുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോലി. നിരവധി ആരാധകരുള്ള താരത്തിന് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സ് ഏറെയാണ്. ഇപ്പോൾ ട്വിറ്ററിൽ അഞ്ച് കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോലി. താരത്തിന് നിലവിൽ ഇന്‍സ്റ്റാഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി.

ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തന്റെ 71-ാം അന്താരാഷ്ട്ര സെഞ്ചുറി നേടിയ കോലി മുഹമ്മദ് റിസ്വാന് കീഴില്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 1020 ദിവസങ്ങൾക്ക് ശേഷമാണ് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നത്. ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.

Read More: കോലിയുടെ സെഞ്ചുറി ആഘോഷിച്ച് ആരാധകൻ, സെഞ്ചുറിയോളം മനോഹരമെന്ന് സമൂഹമാധ്യമങ്ങൾ- വിഡിയോ വൈറലാവുന്നു

രണ്ട് വർഷത്തിന് മുകളിലായുള്ള കാത്തിരിപ്പിന് ശേഷമാണ് വിരാട് കോലി ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തിൽ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചത്. അഫ്​ഗാനെതിരെ 61 പന്തിൽ 122 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കോലിയുടെ 71-ാം സെഞ്ചുറിയും ആദ്യ രാജ്യാന്തര ടി 20 സെഞ്ചുറിയുമാണിത്. 53 പന്തിലാണ് കോലി സെഞ്ചുറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺസ് അടിച്ചുകൂട്ടിയത്. കെ.എൽ രാഹുൽ അർധ സെഞ്ചുറി നേടി. 41 പന്തിൽ 62 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം.

Story Highlights: Virat kohli has 5 crore twitter followers