കോലിയുടെ സെഞ്ചുറി ആഘോഷിച്ച് ആരാധകൻ, സെഞ്ചുറിയോളം മനോഹരമെന്ന് സമൂഹമാധ്യമങ്ങൾ- വിഡിയോ വൈറലാവുന്നു

September 9, 2022

മൂന്ന് വർഷങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവുകയായിരുന്നു ഇന്നലെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി ഒരു തകർപ്പൻ സെഞ്ചുറിയിലൂടെ തന്റെ സെഞ്ചുറി വരൾച്ച അവസാനിപ്പിക്കുകയായിരുന്നു ഇന്നലെ. ഒപ്പം ക്രിക്കറ്റിലേക്ക് താൻ വീണ്ടും ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് എന്ന സന്ദേശവും താരം നൽകുന്നു.

ഇപ്പോൾ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കോലി സെഞ്ചുറി നേടിയപ്പോൾ ഒരു ആരാധകൻ നടത്തിയ ആഘോഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഒരു സിക്‌സറിലൂടെ കോലി സെഞ്ചുറി നേടിയപ്പോൾ ആരാധകർ ആവേശത്തിലാവുകയായിരുന്നു. സെഞ്ചുറി നേടിയ ശേഷം നിറഞ്ഞ ചിരിയോടെ കോലി ബാറ്റ് വീശിയപ്പോൾ താരത്തിന് വേണ്ടി ആർപ്പുവിളിക്കുകയായിരുന്നു ഗാലറിയിൽ ആരാധകർ.

ഇതിനിടയിലാണ് ഒരു ആരാധകന്റെ ആഘോഷം ക്യാമറയിൽ പെട്ടത്. കോലിക്ക് പിന്നിലായി ഗാലറിയിലുണ്ടായിരുന്ന പ്രായമുള്ള ആരാധകനെ ക്യാമറാമാന്‍ കൃത്യമായി ഒപ്പിയെടുക്കുകയായിരുന്നു. ഇരു കൈകള്‍ ഉയർത്തിയും താഴ്ത്തിയും ഇദ്ദേഹം കോലിയുടെ സെഞ്ചുറി ആഘോഷിക്കുകയായിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കോലിയുടെ സെഞ്ചുറിയോളം അതിമനോഹരമാണ് അദ്ദേഹത്തിന്റെ ആഘോഷമെന്നാണ് ആരാധകർ പറയുന്നത്.

Read More: അർഷ്ദീപിന് പിന്തുണയുമായി ഒടുവിൽ മാസ്റ്റർ ബ്ലാസ്റ്ററും; സൈബർ ആക്രമണങ്ങളെ താരം ചിരിച്ചു കൊണ്ട് നേരിടുന്നുവെന്ന് മാതാപിതാക്കൾ

അതേ സമയം രണ്ട് വർഷത്തിന് മുകളിലായുള്ള കാത്തിരിപ്പിന് ശേഷം വിരാട് കോലി ഇന്നലെ ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തിലാണ് സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചത്. അഫ്​ഗാനെതിരെ 61 പന്തിൽ 122 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കോലിയുടെ 71 ആം സെഞ്ചുറിയും ആദ്യ രാജ്യാന്തര ടി 20 സെഞ്ചുറിയുമാണിത്. 53 പന്തിലാണ് കോലി സെഞ്ചുറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺണ് അടിച്ചുകൂട്ടിയത്. കെ.എൽ രാഹുൽ അർധ സെഞ്ചുറി നേടി. 41 പന്തിൽ 62 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം.

Story Highlights: Kohli century fan celebration goes viral