അർഷ്ദീപിന് പിന്തുണയുമായി ഒടുവിൽ മാസ്റ്റർ ബ്ലാസ്റ്ററും; സൈബർ ആക്രമണങ്ങളെ താരം ചിരിച്ചു കൊണ്ട് നേരിടുന്നുവെന്ന് മാതാപിതാക്കൾ

September 6, 2022

പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇന്ത്യൻ താരം അർഷ്ദീപ് സിങ് നേരിട്ടത്. മത്സരത്തിൽ നിർണായകമായ ഒരു ക്യാച്ച് കൈവിട്ടതോടെയാണ് അർഷ്ദീപിന് ഒരു വിഭാഗം ആരാധകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ വലിയൊരു വിഭാഗം ആരാധകർ താരത്തിന് പിന്തുണയുമായി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

അതോടൊപ്പം തന്നെ നിരവധി ഇന്ത്യൻ താരങ്ങളും അർഷ്ദീപിനെ പിന്തുണച്ച് സംസാരിച്ചിരുന്നു. വിരാട് കോലി, ഹർഭജൻ സിങ്, മുഹമ്മദ് ഷമി അടക്കമുള്ള താരങ്ങൾ അർഷ്ദീപിന് വലിയ പിന്തുണ നൽകിയിരുന്നു. ഇപ്പോൾ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ താരത്തിന് പിന്തുണയേകി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.

”രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഓരോ കായികതാരവും അവരുടെ കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമിക്കുന്നത്. സ്‌പോര്‍ട്‌സില്‍ നിങ്ങള്‍ ചിലപ്പോള്‍ ജയിച്ചേക്കാം. ചിലപ്പോള്‍ തോല്‍ക്കും. എങ്കിലും പിന്തുണയാണ് അവര്‍ക്ക് വേണ്ടത്. ക്രിക്കറ്റോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കായിക ഇനമോ ആവട്ടെ താരങ്ങളെ വ്യക്തിപരമായി ആക്രമിക്കാതിരിക്കുക.”- സച്ചിൻ ട്വീറ്റ് ചെയ്‌തു.

Read More: “ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ചതിന് നന്ദി..”; കോലിക്ക് ജേഴ്‌സി സമ്മാനിച്ച് ഹോങ്കോങ് ടീം, ചിത്രം പങ്കുവെച്ച് താരം

അതേ സമയം സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന ആക്രമണങ്ങളെ അർഷ്ദീപ് സിങ് വളരെ പോസിറ്റിവായിട്ടാണ് എടുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ പറയുന്നത്. തന്നെ വിമർശിച്ചു കൊണ്ട് വരുന്ന സന്ദേശങ്ങളൊക്കെ കണ്ട് താരം ചിരിക്കുകയാണെന്നും ഇതിൽ നിന്നെല്ലാം അവൻ പോസിറ്റിവ് ആയ കാര്യങ്ങൾ മാത്രമാണ് എടുക്കുന്നതെന്നും അർഷ്ദീപിൻറെ പിതാവ് കൂട്ടിച്ചേർത്തു. ഈ സംഭവങ്ങളൊക്കെ താരത്തിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: Sachin extends his support to arshdeep singh