ഓണം ബമ്പർ ഒന്നാം സമ്മാനം ഇന്നലെ രാത്രി വിറ്റ ടിക്കറ്റിന്; വിറ്റത് തിരുവനന്തപുരം പഴവങ്ങാടിയിൽ
ഒടുവിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യശാലിയെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഓണം ബമ്പർ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ് പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
കടയിലെ കൗണ്ടർ സ്റ്റാഫായ തങ്കരാജനാണ് ടിക്കറ്റ് വിറ്റത്. ‘ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജൻസിയിലെ ടിക്കറ്റ് തീർന്നതിനാൽ മറ്റ് കടകളിൽ നിന്നാണ് ടിക്കറ്റ് ഇവിടെ കൊണ്ടു വന്നത്. അതിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നമ്മുടെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്’- തങ്കരാജൻ പറയുന്നു.
TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയും മൂന്നാം സമ്മാനം ഒരു കോടി രൂപയുമാണ്.
നാല് വർഷങ്ങൾക്ക് ശേഷം ഓണം വിപുലമായി ആഘോഷിച്ച മലയാളികൾ ഓണം ബമ്പറിനെയും ആവേശത്തോടെ ഏറ്റെടുത്തു. 500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകൾ ഭാഗ്യപരീക്ഷണത്തിനിറങ്ങി. ഇന്നലെ അവസാന മണിക്കൂറുകളിൽ വൻ തിരക്കാണ് ലോട്ടറി കടകളിൽ കണ്ടത്.
ഓണം ബമ്പർ ചോദിച്ച് ആളുകൾ സമീപിക്കുന്നത് ചില്ലറ വിൽപനക്കാർക്കും ഊർജമായി. ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം 12 കോടി രൂപ ഒന്നാം സമ്മാനം നൽകിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്.
Story Highlights: Onam bumper result declared