“അവൻ സ്വന്തമായി ഭക്ഷണം ഓർഡർ ചെയ്‌തു, ആദ്യമായി..”; ഓട്ടിസം ബാധിച്ച മകന്റെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ച് അമ്മ, മിഴിയും മനസ്സും നിറഞ്ഞ് പോകുന്ന കാഴ്ച്ച

September 17, 2022

സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്ന നിരവധി വിഡിയോകൾ ആളുകളെ പ്രചോദിപ്പിക്കാറുണ്ട്. വളരെ വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവർക്ക് അതേ അവസ്ഥയിലൂടെ കടന്ന് പോയി ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന ആളുകളുടെ ജീവിതങ്ങൾ വലിയ പ്രചോദനമായി മാറാറുണ്ട്. അത്തരത്തിലുള്ള നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്നത്.

ഇപ്പോൾ അത്തരത്തിലൊരു വിഡിയോയാണ് സോഷ്യൽ മീഡിയയുടെ മിഴിയും മനസ്സും നിറയ്ക്കുന്നത്. ഓട്ടിസം ബാധിതനായ മകന്‍ റിലെ കഫേയില്‍ നിന്ന് തനിയെ ഭക്ഷണം ഓർഡര്‍ ചെയ്ത് തിരികെ വരുന്ന വീഡിയോ ആണ് അമ്മ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ നിന്നും പലതരത്തിലുള്ള വേർതിരിവുകൾ അനുഭവിക്കുന്നവരാണ് ഭിന്നശേഷിക്കാർ. അതിനിടയിൽ ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് ഏറെ ശ്രമകരമായ കാര്യം തന്നെയാണ്. അവരിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും മാതാപിതാക്കൾക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്.

വലിയ സന്തോഷത്തോടെയാണ് അവന്റെ അമ്മ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കൗണ്ടറിലെത്തി ആത്മവിശ്വാസത്തോടെ ഭക്ഷണം ഓർഡര്‍ ചെയ്യുന്ന കുട്ടിയെയാണ് വിഡിയോയില്‍ കാണുന്നത്. ഇന്ന് എന്റെ മകൻ ചെയ്ത കാര്യം എന്ന് പറഞ്ഞാണ് അമ്മ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ”റിലെ ഓട്ടിസം ബാധിതനാണ്. അവൻ അതിന്റെതായ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. സംസാരിക്കുന്നതിനും അവന് ബുദ്ധിമുട്ടുണ്ട്. അവനെ സംബന്ധിച്ച് ഇത് വളരെ വലിയ കാര്യമാണ്. ഇന്ന് അവന്‍ സ്വന്തമായി ഭക്ഷണം ഓർഡര്‍ ചെയ്ത് പണം നല്‍കിയിരിക്കുന്നു. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിരിക്കുന്നു”-വിഡിയോ പങ്കുവെച്ചു കൊണ്ട് അമ്മ കുറിച്ചു.

Read More: “ഒന്നിനും കൊള്ളില്ലാന്ന് പറഞ്ഞു, പക്ഷെ ഞാൻ മിടുക്കിക്കുട്ടിയാണ്…”; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന ഒരു മൂന്നാം ക്ലാസുകാരി എഴുതിയ കഥ

അവൻ ഇത്തരം കാര്യങ്ങൾ ഒരിക്കലും ചെയ്യില്ലെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെന്നും അത് താൻ ഇപ്പോൾ ഓർത്തുപോകുകയാണെന്നും അമ്മ കൂട്ടിച്ചേർത്തു. നിരവധി പേരാണ് വിഡിയോ ഇതിനോടകം കണ്ടത്. കുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.

Story Highlights: Mother shares beautiful video of her son with autism