“അവസ്ഥ മോശമാണ്, വീട്ടിലേക്ക് വരാൻ പറ്റുന്നില്ല..”; ഓണം ബമ്പർ അടിച്ച അനൂപിന്റെ ഫേസ്ബുക്ക് ലൈവ് വിഡിയോ

September 23, 2022

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തിയ ഇത്തവണത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് നേടിയത്. TJ 750605 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഫലം പ്രഖ്യാപിച്ച് അന്ന് വൈകുന്നേരം തന്നെ അനൂപ് ടിക്കറ്റുമായി ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ എത്തിയിരുന്നു. വലിയ മാധ്യമ ശ്രദ്ധയാണ് അനൂപിന് ലഭിച്ചത്. അനൂപ് ടിക്കറ്റുമായി ഏജൻസിയിലേക്കെത്തുന്നതും മറ്റും വലിയ രീതിയിൽ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.

എന്നാൽ തന്റെ ഇപ്പോഴത്തെ അവസ്ഥ മോശമാണെന്നാണ് അനൂപ് പറയുന്നത്. സഹായം ചോദിച്ചെത്തുന്നവരുടെ ശല്യം സഹിക്കാനാവുന്നില്ലെന്നും അനൂപ് കൂട്ടിച്ചേർത്തു. സമ്മാനം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഇപ്പോള്‍ വലിയ മാനസികബുദ്ധിമുട്ടിലാണ്. അസുഖബാധിതനായ മകനെ കാണാന്‍പോലും കഴിയുന്നില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരെ ആളുകള്‍ വീട്ടിലെത്തുന്നുണ്ടെന്നും എന്നാല്‍ പണം ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നും അനൂപ് പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അനൂപിന്റെ പ്രതികരണം.

“ഓണം ബമ്പറടിച്ചപ്പോള്‍ വല്ലാതെ സന്തോഷിച്ചു. അതിന് ശേഷം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നപ്പോഴും എല്ലാ സാധാരണക്കാരേയും പോലെ സന്തോഷിച്ചു. ഇപ്പോള്‍ ആ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. സഹായം ചോദിച്ചെത്തുന്നവര്‍ എന്റെ അവസ്ഥ കൂടി മനസിലാക്കണം. ശ്വാസം മുട്ടല് മൂലം രണ്ട് മാസമായി ജോലിക്ക് പോയിട്ട്. കുഞ്ഞിന് തീരെ വയ്യ. കൈയില്‍ പൈസ കിട്ടിയിട്ടില്ല. പൈസ കിട്ടിയാല്‍ തന്നെ കുറച്ചുകാലം ബാങ്കില്‍ ഇടാനാണ് തീരുമാനം. ഇതിന്റെ പേരില്‍ ആരെങ്കിലും അകന്നാലും ഒന്നും ചെയ്യാന്‍ കഴിയില്ല.” അനൂപ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

Read More: ഇതാണ് ആ ഭാഗ്യവാൻ; ഓണം ബമ്പറിന്റെ 25 കോടി നേടിയ തിരുവനന്തപുരം സ്വദേശി അനൂപ് ടിക്കറ്റുമായി ലോട്ടറി ഏജന്‍സിയിലെത്തി-വിഡിയോ

Story Highlights: Onam bumper winner anoop facebook live video