വെള്ളിത്തിരയിൽ വിസ്‌മയം തീർത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തേരോട്ടം; പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് വിനയൻ, പ്രശംസിച്ച് മേജർ രവി

September 13, 2022

ഗോകുലം മൂവീസിന്റെ ബാനറിൽ സിജു വില്‍സണെ നായകനാക്കി വിനയൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടിന്’ തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരുവോണ ദിനത്തിൽ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ മായാജാലം തീർത്ത് വിജയകരമായി പ്രദർശനം തുടരുകയാണ്.

ആരാധകരുടെ ആവേശം നേരിൽ കണ്ടറിയാൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ ടീം തിയേറ്ററുകളിൽ എത്തിയിരുന്നു. സംവിധായകൻ വിനയൻ, നായകൻ സിജു വിൽസൺ, നായിക കയാദു ലോഹർ തുടങ്ങിയവരാണ് പ്രേക്ഷകർക്കൊപ്പം സിനിമ ആസ്വദിക്കാൻ എത്തിയത്. മജസ്റ്റിക് ഞാറക്കൽ, എം സിനിമാസ് വരാപ്പുഴ, പിവിആർ സിനിമാസ് എന്നിവിടങ്ങളിലാണ് സംഘം എത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിനെ ഏറ്റെടുത്ത പ്രേക്ഷകർക്ക് സംവിധായകൻ വിനയൻ നന്ദി അറിയിച്ചു.

“മലയാള സിനിമയ്‌ക്കൊരു പുതിയ ആക്ഷൻ ഹീറോയെ സമ്മാനിക്കാൻ കഴിഞ്ഞു. സിജുവിന് ഈ കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണം. നായിക കയാദുവിനെ മലയാള സിനിമ സ്വീകരിച്ചു കഴിഞ്ഞു. മലയാളത്തിൽ നിന്നും കൂടുതൽ ചിത്രങ്ങൾ കയാദുവിനെ തേടിയെത്തും. സിനിമയെ സ്വീകരിച്ച എല്ലാവർക്കും നന്ദി” – വിനയൻ കൂട്ടിച്ചേത്തു.

Read More: പ്രിയപ്പെട്ടവനൊപ്പമുള്ള 29 വർഷങ്ങൾ- വാർഷിക ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ആശ ശരത്ത്

നേരത്തെ പത്തൊൻപതാം നൂറ്റാണ്ടിനേയും നായകൻ സിജു വിൽസനെയും അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജർ രവിയും രംഗത്തെത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെ മനോഹരമായി കണ്ടിരിക്കാവുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജു എന്ന നടനെവച്ച് വിനയൻ എന്ന സംവിധായകൻ എടുത്ത ഉദ്യമവും സിജു അതിനോട് പുലർത്തിയ നീതിയുമാണ് എടുത്തു പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിജു ശരിക്കും അദ്ഭുതപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്ലൊരു വാ​ഗ്ദാനമാണ് സിജു എന്നത് ഉറപ്പാണെന്നും മേജർ രവി പറഞ്ഞു.

Story Highlights: Pathonpatham noottandu gets rave reviews