ആദ്യ ആഴ്ച്ചയിൽ 23 കോടി; ചരിത്ര വിജയത്തിലേക്കടുത്ത് പത്തൊമ്പതാം നൂറ്റാണ്ട്…
തിരുവോണ ദിനം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ വലിയ ഹിറ്റിലേക്ക് അടുക്കുകയാണ്. കളക്ഷനിൽ കൂടെയുള്ള ചിത്രങ്ങളെയൊക്കെ ഒരുപാട് പിന്നിലാക്കി കുതിക്കുകയാണ് ചിത്രം. സംവിധായകൻ വിനയന്റെയും നായകൻ സിജു വിൽസണിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായി പത്തൊമ്പതാം നൂറ്റാണ്ട് മാറിക്കഴിഞ്ഞു.
ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ആഴ്ച്ചയിലെ കളക്ഷൻ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. 23.6 കോടിയാണ് പത്തൊമ്പതാം നൂറ്റാണ്ട് ആദ്യ ആഴ്ച്ചയിൽ നേടിയതെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രം കാണാൻ ഇപ്പോഴും തിയേറ്ററുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ആദ്യ പ്രദർശനത്തിന് ശേഷം സിജു വിൽസൺ പ്രേക്ഷകരുടെ പ്രതികരണം കണ്ട് കണ്ണീരണിഞ്ഞ് നിൽക്കുന്നതിന്റെ വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. വളരെ സന്തോഷത്തോടെ സിജുവിനെ സ്വീകരിക്കുന്ന മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ അടക്കമുള്ള താരങ്ങളെയും വിഡിയോയിൽ കാണാം.
പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലി പാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
Story Highlights: Pathonpatham noottandu record first week collection