പൊന്നിയിൻ സെൽവൻ; ഐശ്വര്യ ലക്ഷ്‌മിയുടെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്‌തു

September 20, 2022

500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ‘പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണി രത്‌നത്തിന്റെ ഏറ്റവും വലിയ സ്വപ്‌ന സിനിമയാണ്. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ്. മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയും കാർത്തിയും ഒരുമിച്ചുള്ള ‘അലൈകടൽ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് യൂട്യൂബിൽ റിലീസ് ചെയ്‍തിരിക്കുന്നത്. ഏ.ആർ.റഹ്‌മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം അന്താര നന്ദിയാണ് ആലപിച്ചിരിക്കുന്നത്.

നേരത്തെ ഐശ്വര്യ ലക്ഷ്‌മിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‌തിരുന്നു. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. “കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ” എന്ന വിശേഷണത്തോടെയാണ് അണിയറ പ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്‌.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണി രത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.

Read More: അച്ഛന്റെ ടീഷർട്ടിൽ തിളങ്ങി ഒരു കുഞ്ഞു സുന്ദരി- മകളുടെ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്‌മി എന്നിവരോടൊപ്പം ജയം രവി, പാർത്ഥിപൻ, സത്യരാജ്, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.

Story highlights: Ponniyin selvan lyrical video of aiswarya lakshmi song released