പൊന്നിയിൻ സെൽവൻ; പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തു, മറ്റൊരു റഹ്‌മാൻ മാജിക്കെന്ന് പ്രേക്ഷകർ

September 24, 2022

സെപ്റ്റംബർ 30 നാണ് ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ തിയേറ്ററുകളിലെത്തുന്നത്. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ‘പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണി രത്‌നത്തിന്റെ ഏറ്റവും വലിയ സ്വപ്‌ന സിനിമയാണ്. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്.

ഇപ്പോൾ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ്. ‘ദേവരാളൻ ആട്ടം’ എന്ന ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്നത്‌. ഏ.ആർ.റഹ്‌മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഇളങ്കോ കൃഷ്‌ണനാണ്. യോഗി ശേഖർ ആണ് ചിത്രത്തിൽ ​ഗാനം ആലപിച്ചിരിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണി രത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്‌മി എന്നിവരോടൊപ്പം ജയം രവി, പാർത്ഥിപൻ, സത്യരാജ്, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Read More: “വരാൻ പോകുന്നത് നയൻതാരയുടെ കല്യാണ വിഡിയോ അല്ല, അവരുടെ ജീവിത കഥ..”; വ്യക്തമാക്കി ഗൗതം മേനോൻ

രാവണൻ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം പ്രശസ്‍ത സംവിധായകൻ മണി രത്നവും നടൻ വിക്രവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ.’ രാവണനിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ റായ് തന്നെയാണ് പൊന്നിയിൻ സെൽവനിലും നായികയായി എത്തുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖർ ഒരു ചിത്രത്തിനായി ഒരുമിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

Story Highlights: Ponniyin selvan new lyrical video released