“വരാൻ പോകുന്നത് നയൻതാരയുടെ കല്യാണ വിഡിയോ അല്ല, അവരുടെ ജീവിത കഥ..”; വ്യക്തമാക്കി ഗൗതം മേനോൻ

September 22, 2022

പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഒന്നായിരുന്നു തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹം. ഒരു മന്ത്രികലോകത്തിലെന്നവണ്ണമാണ് നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ആരും കൊതിച്ചുപോകുന്ന ഇന്റിമേറ്റ് വെഡ്ഡിംഗ് ആയിരുന്നു മഹാബലിപുരത്ത് സ്വകാര്യ റിസോർട്ടിൽ സ്വപ്ന സമാനമായ വേദിയിൽ നടന്നത്. വിവാഹത്തിന്റെ വിഡിയോ സംപ്രേഷണം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.

നയൻ താരയുടെ വിവാഹ വിഡിയോ മാത്രമല്ല, മറിച്ച് താരത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു ഡോകുമെന്ററിയാണ് താൻ സംവിധാനം ചെയ്യുന്നതെന്നും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത് ഈ ഡോകുമെന്ററി ആയിരിക്കുമെന്നും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോകുമെന്ററിയിൽ നയൻതാരയുടെ കുട്ടിക്കാല ഓര്‍മകളും ഫോട്ടോകളും സിനിമാ ലോകത്തെ യാത്രയും വിവാഹ നിമിഷങ്ങളും ഉണ്ടാവുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

നേരത്തെ ഡോകുമെന്ററിയുടെ ടീസർ പുറത്തു വന്നിരുന്നു. ഇരുവരും പരസ്പരമുള്ള വിശ്വാസത്തെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പങ്കിടുന്നത് ടീസറിൽ കാണാം. ‘ഞാൻ ജോലിയിൽ മാത്രം വിശ്വസിക്കുന്നു. എനിക്ക് ചുറ്റും ഇത്രയധികം സ്നേഹമുണ്ടെന്ന് അറിയുന്നതിൽ തീർച്ചയായും സന്തോഷമുണ്ട്’ എന്ന് നയൻതാര ടീസറിൽ പറയുന്നു. “ഒരു സ്ത്രീയെന്ന നിലയിൽ, നയൻസിന്റെ സ്വഭാവം തന്നെ വളരെ പ്രചോദനകരമാണ്. അവൾ അകമേയും പുറമെയും ഒരുപോലെ സുന്ദരിയാണ’- വിഘ്‌നേഷ് പറയുന്നതായി കാണാം. അതേ സമയം ഡോക്യുമെന്ററിയുടെ റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Read More: ഫെയറിടെയിലിനുമപ്പുറം; നയൻ‌താര- വിഘ്നേഷ് വിവാഹത്തിന്റെ ടീസർ പുറത്തുവിട്ടു

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിൽ ഷാരൂഖ് ഖാൻ, സംവിധായകൻ അറ്റ്‌ലി, സൂപ്പർസ്റ്റാർ രജനീകാന്ത്, അജിത്ത്, ദളപതി വിജയ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Story Highlights: Gautham menon about nayanthara documentary