40 വർഷത്തെ കാത്തിരിപ്പ് നാളെ വെള്ളിത്തിരയിൽ; മണി രത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ നാളെ റിലീസ് ചെയ്യുന്നു

September 29, 2022

മണി രത്നം എന്ന സംവിധായകന്റെ 40 വർഷത്തെ കാത്തിരിപ്പാണ് നാളെ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ പൂർത്തിയാവുന്നത്. തമിഴ് സിനിമ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം നാളെ റിലീസ് ചെയ്യുകയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ പൊന്നിയിൻ സെൽവൻ പുതിയ ചരിത്രമെഴുതുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.

70 വർഷത്തിലേറെയായി തമിഴ് സിനിമ കൽക്കി കൃഷ്‌ണമൂർത്തിയുടെ ഇതിഹാസ നോവലിന്റെ ദൃശ്യാവിഷ്ക്കാരത്തിനായി കാത്തിരിക്കുകയാണ്. എംജിആറിനും കമൽ ഹാസനും പൂർത്തിയാക്കാൻ കഴിയാത്ത ദൗത്യമാണ് മണി രത്നം പൂർത്തിയാക്കിയിരിക്കുന്നത്. 1980 കൾ തൊട്ട് 40 വർഷത്തിലേറെയായി നോവൽ സിനിമയാക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രഗത്ഭരാണ് ചിത്രത്തിന് വേണ്ടി ക്യാമറയ്ക്ക് മുൻപിലും പിൻപിലും അണിനിരന്നിരിക്കുന്നത്‌.

ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്. ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവച്ചിരിക്കുന്നത്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും, ട്രെയ്‌ലറും, ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും, കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Read More: ഒരൊന്നൊന്നര ചിരി; വൈറലായി മോഹൻലാൽ പങ്കുവെച്ച പുതിയ ചിത്രം

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണിരത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.

Story highlights: Ponniyin selvan releasing tomorrow