ഇനി 5 അല്ല, 10 കോടി; പൂജ ബമ്പറിന്റെ സമ്മാനത്തുക ഉയർത്തി വിൽപന തുടങ്ങി…

September 19, 2022

ഓണം ബമ്പറിന്റെ സമ്മാനത്തുക 12 കോടിയിൽ നിന്ന് 25 കോടി ആയതോടെ ലോട്ടറി വിൽപ്പന വലിയ വിജയമായി മാറിയിരുന്നു. ഇപ്പോൾ പൂജ ബമ്പർ ലോട്ടറിയിലും ഇതേ പരീക്ഷണം ആവർത്തിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പൂജ ബമ്പറിന്റെ സമ്മാനത്തുക 5 കോടിയിൽ നിന്ന് 10 കോടിയിലേക്ക് ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ.

ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിൽ പൂജാ ബമ്പറിന്റെ പ്രകാശനം നടന്നിരുന്നു. പൂജ ബമ്പറിന്റെ വിൽപ്പന ഇന്നു മുതൽ ആരംഭിച്ചിരിക്കുകയാണ്. സമ്മനത്തുക 25 കോടിയായി ഉയർത്തിക്കൊണ്ടുള്ള ഓണം ബമ്പറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൂജ ബമ്പറിന്റെ സമ്മാനത്തുകയും വർധിപ്പിക്കാൻ തീരുമാനിച്ചത്. മറ്റ് ബമ്പറുകളുടെയും സമ്മാനത്തുക വർധിപ്പിക്കുമെന്നാണ് സൂചന.

അതേ സമയം ഇന്നലെയാണ് ഓണം ബമ്പറിന്റെ ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് ഇത്തവണത്തെ ഓണം ബമ്പർ നേടിയത്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

Read More: ഇതാണ് ആ ഭാഗ്യവാൻ; ഓണം ബമ്പറിന്റെ 25 കോടി നേടിയ തിരുവനന്തപുരം സ്വദേശി അനൂപ് ടിക്കറ്റുമായി ലോട്ടറി ഏജന്‍സിയിലെത്തി-വിഡിയോ

നാല് വർഷങ്ങൾക്ക് ശേഷം ഓണം വിപുലമായി ആഘോഷിച്ച മലയാളികൾ ഓണം ബമ്പറിനെയും ആവേശത്തോടെ ഏറ്റെടുത്തു. 500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകൾ ഭാഗ്യപരീക്ഷണത്തിനിറങ്ങി. ഇന്നലെ അവസാന മണിക്കൂറുകളിൽ വൻ തിരക്കാണ് ലോട്ടറി കടകളിൽ കണ്ടത്. ഓണം ബമ്പർ ചോദിച്ച് ആളുകൾ സമീപിക്കുന്നത് ചില്ലറ വിൽപനക്കാർക്കും ഊർജമായി. കഴിഞ്ഞ വർഷം 12 കോടി രൂപ ഒന്നാം സമ്മാനം നൽകിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്.

Story Highlights: Pooja bumper prize raised from 5 to 10 crores