ഐക്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണ കാലം വീണ്ടും വരവായ്; മലയാളികൾക്ക് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓണാശംസകൾ

September 8, 2022

കഴിഞ്ഞ നാല് വർഷങ്ങളായി പ്രളയത്തിന്റെയും കൊവിഡ് മഹാമാരിയുടെയും നടുവിലായിരുന്നു മലയാളികളുടെ ഓണാഘോഷം. അതിനാൽ തന്നെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടുള്ള നിറം മങ്ങിയ ആഘോഷങ്ങളായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്നത്.

എന്നാൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണം ഒട്ടും നിറം മങ്ങാതെ വലിയ ആഘോഷത്തോടെയാണ് ഇത്തവണ മലയാളികൾ ആഘോഷിക്കുന്നത്. പൂക്കളവും ഓണസദ്യയും ഓണക്കളികളുമായി ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്.

ഇപ്പോൾ മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. മലയാളത്തിലായിരുന്നു ഇരുവരുടെയും ആശംസാസന്ദേശങ്ങൾ.

“എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ”- രാഷ്‍ട്രപതി ദ്രൗപദി മുർമു ട്വിറ്ററിൽ കുറിച്ചു.

“ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ”- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Read More: അനുഭൂതികളുടെ മൂകാംബിക; കുടുംബസമേതമുള്ള യാത്രാചിത്രങ്ങളുമായി ജയസൂര്യ

Story Highlights: Prime minister and president onam wishes for keralites