പൊന്നിയിൻ സെൽവൻ; റിയാസ് ഖാന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി പുതിയ പ്രോമോ വിഡിയോ…

September 22, 2022

ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ പ്രൊമോഷന്റെ ഭാഗമായി വിക്രം അടക്കമുള്ള താരങ്ങളും സംവിധായകൻ മണി രത്‌നവും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ‘പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണി രത്‌നത്തിന്റെ ഏറ്റവും വലിയ സ്വപ്‌ന സിനിമയാണ്. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്.

ഇപ്പോൾ റിയാസ് ഖാൻ, കിഷോർ കുമാർ അടക്കമുള്ള താരങ്ങളെ പരിചയപ്പെടുത്തുന്ന പുതിയൊരു പ്രോമോ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സോമൻ സംഭവൻ എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കിഷോർ കുമാർ, അർജുൻ ചിദംബരം, വിനയ് അടക്കമുള്ള താരങ്ങളെയും പ്രൊമോയിൽ പരിചയപ്പെടുത്തുന്നുണ്ട്.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണി രത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്‌മി എന്നിവരോടൊപ്പം ജയം രവി, പാർത്ഥിപൻ, സത്യരാജ്, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.

Read More: “വരാൻ പോകുന്നത് നയൻതാരയുടെ കല്യാണ വിഡിയോ അല്ല, അവരുടെ ജീവിത കഥ..”; വ്യക്തമാക്കി ഗൗതം മേനോൻ

രാവണൻ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം പ്രശസ്‍ത സംവിധായകൻ മണി രത്നവും നടൻ വിക്രവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ.’ രാവണനിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ റായ് തന്നെയാണ് പൊന്നിയിൻ സെൽവനിലും നായികയായി എത്തുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖർ ഒരു ചിത്രത്തിനായി ഒരുമിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

Story Highlights: Riyaz khan ponniyin selvan promo video