“എന്റെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാനില്ല, പന്തും രാഹുലും എന്റെ രാജ്യത്തിനായി കളിക്കുന്നവർ..”; കൈയടിയും പ്രശംസയും നേടി സഞ്‌ജുവിന്റെ പ്രതികരണം

September 17, 2022

സഞ്‌ജു സാംസണിനെ ടി 20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. കഴിവ് തെളിയിച്ചിട്ടും എന്ത് കൊണ്ടാണ് ടീമിൽ നിന്ന് മാറ്റി നിർത്തിയതെന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ഫോമിലല്ലാത്ത പല താരങ്ങൾക്കും വീണ്ടും അവസരം നൽകുമ്പോൾ മികച്ച പ്രകടനം കാഴ്ച്ചവെച്ച സഞ്‌ജുവിനെ ഒഴിവാക്കിയത് ആരാധകരിൽ വലിയ നിരാശ ഉണ്ടാക്കിയിരുന്നു.

ഇപ്പോൾ ആരാധകരുടെ പ്രതിഷേധങ്ങളോടും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളോടും പ്രതികരിച്ചിരിക്കുകയാണ് സഞ്‌ജു. ഋഷഭ് പന്ത്, കെ.എൽ.രാഹുൽ അടക്കമുള്ള താരങ്ങളോട് താൻ മത്സരിക്കാൻ നിൽക്കുന്നത് ടീമിന് വലിയ തിരിച്ചടിയായിരിക്കുമെന്നാണ് താരം പറയുന്നത്.

”സഞ്‌ജു ആർക്കൊക്കെ പകരം ടീമിലെത്തണമെന്നതിനെക്കുറിച്ച് ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പലതരം ചർച്ചകൾ നടക്കുന്നുണ്ട്. ഋഷഭ് പന്തിനും കെ.എൽ രാഹുലിനുമെല്ലാം പകരം ടീമിലെത്തണമെന്ന് പറയുന്നു. എന്നാൽ രാഹുലും പന്തും എന്റെ സ്വന്തം ടീമിന് വേണ്ടിയാണ് കളിക്കുന്നത്. എന്റെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാൻ നിന്നാൽ അത് എന്റെ രാജ്യത്തിൻറെ ടീമിന് വലിയ തിരിച്ചടിയാവും.” സഞ്‌ജു ഒരു അഭിമുഖത്തിൽ പറഞ്ഞു. വലിയ പ്രശംസയും കൈയടിയുമാണ് സഞ്‌ജുവിന്റെ ഈ പ്രതികരണത്തിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

Read More: റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; തീരുമാനമറിയിച്ചത് ട്വിറ്റർ കുറിപ്പിലൂടെ…

അതേ സമയം ന്യൂസീലൻഡ് എ ടീമിനെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ സഞ്‌ജുവാണ് നയിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 22 നാണ് ആരംഭിക്കുക. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സെപ്തംബർ 22, 25, 27 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. സഞ്‌ജു ടീമിന്റെ നായകനാവുമ്പോൾ ആന്ധ്ര താരം കെ എസ് ഭരത് വിക്കറ്റ് കീപ്പറാവും. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ തുടങ്ങിയ താരങ്ങൾ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

Story Highlights: Sanju samson response to social media discussions