റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; തീരുമാനമറിയിച്ചത് ട്വിറ്റർ കുറിപ്പിലൂടെ…

September 14, 2022

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളാണ് റോബിൻ ഉത്തപ്പ. പല പ്രതിസന്ധി ഘട്ടങ്ങളിലും ടീമിന്റെ രക്ഷകനായി അവതരിച്ച താരം ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. റോബിൻ ഉത്തപ്പയുടെ ബാറ്റിംഗിന് വലിയ ആരാധക വൃന്ദമാണുള്ളത്.

ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 36 കാരനായ താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതായി അറിയിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച് താരം ട്വിറ്ററിൽ നീണ്ട കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ദേശീയ ജഴ്സിയിൽ 46 ഏകദിനങ്ങളും 13 ടി-20കളും കളിച്ചിട്ടുള്ള ഉത്തപ്പ 2007 ടി-20 ലോകകപ്പ് ടീമിൽ അംഗമായിരുന്നു. ലോകകപ്പിൽ ഇന്ത്യ ജേതാക്കളായപ്പോൾ ചില ശ്രദ്ധേയ പ്രകടനങ്ങളും താരം നടത്തി.

Read More: 5 കോടി ട്വിറ്റർ ഫോളോവേഴ്‌സുമായി വിരാട് കോലി; നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരം

2006 ൽ ഇംഗ്ലണ്ടിനെതിരെയാണ് ഉത്തപ്പ രാജ്യാന്തര കരിയർ ആരംഭിച്ചത്. ഓപ്പണറായി കളത്തിലെത്തിയ ഉത്തപ്പ ആ കളിയിൽ 86 റൺസെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. പേസർമാർക്കെതിരെ നടന്നുവന്ന് ഷോട്ടുകൾ കളിക്കുന്നത് ഉത്തപ്പയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. കർണാടക സ്വദേശിയായ താരം 2019 മുതൽ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനു വേണ്ടിയാണ് കളിച്ചിരുന്നത്. പാതി മലയാളിയായ ഉത്തപ്പ കേരളത്തെ ഒരു സീസണിൽ നയിക്കുകയും ചെയ്തു. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പൂനെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ഐപിഎൽ ടീമുകൾക്ക് വേണ്ടിയും ഉത്തപ്പ കളിച്ചു. കൊൽക്കത്തയുടെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടയാളാണ് ഉത്തപ്പ. ടീമിനായി നിരവധി മികച്ച ഇന്നിംഗ്സുകൾ താരം കളിച്ചിട്ടുണ്ട്.

Story Highlights: Robin uthappa retires from cricket