“അവനെ കെട്ടിപ്പിടിച്ച് കരയാൻ തോന്നി..”; സഞ്‌ജുവിനെ പറ്റിയുള്ള ഹൃദ്യമായ ഓർമ്മ പങ്കുവെച്ച് വികാരാധീനനായി സോണി ചെറുവത്തൂർ

September 20, 2022

ഇന്ത്യ എ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സഞ്‌ജു സാംസൺ. താരത്തെ ടി 20 ലോകകപ്പിനുള്ള ടീമിൽ നിന്ന് തഴഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ സഞ്‌ജുവിനെ ഇന്ത്യ എ ടീമിന്റെ നായകനായി തിരഞ്ഞെടുത്തത് വലിയ ആവേശമാണ് ആരാധകർക്ക് നൽകിയിരിക്കുന്നത്.

ഇപ്പോൾ സഞ്‌ജുവിനെ പറ്റി മുൻ കേരള ടീമിന്റെ നായകനായ സോണി ചെറുവത്തൂർ പങ്കുവെച്ച ഒരു ഓർമ്മയാണ് ശ്രദ്ധേയമാവുന്നത്. കാര്യവട്ടം ടി 20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടന ചടങ്ങ് കെസിഎ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. ഇന്ത്യ എ ടീമിന്റെ നായകനായി മാറിയ സഞ്‌ജുവിനെ ചടങ്ങിൽ ആദരിച്ചിരുന്നു. ഈ ചടങ്ങിലാണ് സോണി സഞ്‌ജുവിനൊപ്പമുള്ള ഹൃദ്യമായ ഒരു ഓർമ്മ വേദിയിൽ പങ്കുവെച്ചത്.

സോണി ചെറുവത്തൂർ ഒരു ക്രിക്കറ്റ് അക്കാദമി നടത്തുന്നുണ്ട്. കൊവിഡിന് ശേഷം വലിയ ബുദ്ധിമുട്ടിലൂടെയാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ കടന്ന് പോയത്. അവിടേക്ക് കുറച്ചു പുതിയ പന്തുകൾ വാങ്ങണം എന്ന് കരുതിയിരുന്ന സമയത്താണ് സഞ്‌ജു തന്നെ വിളിക്കുന്നത്. എവിടെയാണ് എന്ന് ഫോണിൽ ചോദിച്ച് തന്റെ അരികിലേക്ക് എത്തിയ താരം രണ്ട് പെട്ടി പുതിയ പന്തുകളുമായിട്ടാണ് എത്തിയതെന്നാണ് സോണി പറയുന്നത്. സഞ്‌ജുവിനെ കെട്ടിപ്പിടിച്ച് കരയാനാണ് തനിക്ക് തോന്നിയതെന്നും താരം കൂട്ടിച്ചേർത്തു.

Read More: “എന്റെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാനില്ല, പന്തും രാഹുലും എന്റെ രാജ്യത്തിനായി കളിക്കുന്നവർ..”; കൈയടിയും പ്രശംസയും നേടി സഞ്‌ജുവിന്റെ പ്രതികരണം

അതേ സമയം ന്യൂസീലൻഡ് എ ടീമിനെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ സഞ്‌ജുവാണ് നയിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 22 നാണ് ആരംഭിക്കുക. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സെപ്തംബർ 22, 25, 27 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. സഞ്‌ജു ടീമിന്റെ നായകനാവുമ്പോൾ ആന്ധ്ര താരം കെ എസ് ഭരത് വിക്കറ്റ് കീപ്പറാവും. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ തുടങ്ങിയ താരങ്ങൾ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

Story Highlights: Sony cheruvathoor shares a beautiful memory with sanju samson