സഞ്ജുവിന്റെ ഫോട്ടോ ഉയർത്തി കാണിച്ച് സൂര്യകുമാർ യാദവ്; മലയാളി ആരാധകർക്ക് ആവേശം പകർന്ന നിമിഷം-വിഡിയോ

September 27, 2022

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ആദ്യ ടി 20 മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തിയത്. മികച്ച സ്വീകരണമാണ് ടീമിന് ആരാധകരിൽ നിന്ന് ലഭിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ടീം തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ വിശ്രമിച്ച ടീം ഇന്ന് വൈകിട്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും.

അതേ സമയം ഇന്നലെ ആരാധകർ ഇന്ത്യൻ ടീമിനെ കാണാനെത്തിയ സമയത്ത് നടന്ന ചില സംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യൻ ടീമിനെ വലിയ ആവേശത്തോടെ സ്വീകരിച്ച ആരാധകർ സഞ്ജുവിന് വേണ്ടിയും ആർപ്പുവിളിച്ചിരുന്നു, ഇതിനിടയിൽ ബസിനകത്ത് നിന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് സഞ്ജുവിന്റെ ചിത്രം ഫോണിൽ കാണിക്കുകയായിരുന്നു.ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയാവുകയായിരുന്നു. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

നായകൻ രോഹിത് ശർമ്മയും മലയാളി ആരാധകരുടെ ആവേശം വിഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. പിന്നീട് വിഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവെയ്ക്കുകയും ചെയ്‌തിരുന്നു. അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കാണും.ദക്ഷിണാഫ്രിക്കൻ ടീം നേരത്തെ തന്നെ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഹൈദരാബാദിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ ടീം എത്തിയത്.

Read More: “പ്രതീക്ഷിക്കാത്ത ഒരു അതിഥി, ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം..”; സഞ്‌ജു സാംസണിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജയറാം

നേരത്തെ സഞ്ജു നായകനായ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്ന ആർ.അശ്വിനും യുസ്വേന്ദ്ര ചാഹലും തിരുവനന്തപുരത്ത് എത്തിയപ്പോൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ആർ അശ്വിൻ ബസിനുള്ളിൽ നിന്നെടുത്ത സെൽഫിയാണ് ഇൻസ്റ്റാഗ്രാം സ്‌റ്റോറിയാക്കിയത്. അതിൽ സഞ്ജു… സഞ്ജൂ… എന്നെഴുതിയിരുന്നു. ഇതേ ഫോട്ടോ പിന്നീട് രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ അക്കൗണ്ടിലൂടെ പങ്കുവച്ചു. സഞ്ജുവിന്റെ പേര് മെൻഷൻ ചെയ്‌താണ്‌ ചാഹൽ വിഡിയോ പങ്കുവെച്ചത്.

Story Highlights: Sooryakumar yadav video goes viral