“പ്രതീക്ഷിക്കാത്ത ഒരു അതിഥി, ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം..”; സഞ്‌ജു സാംസണിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജയറാം

September 25, 2022

അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ക്രിക്കറ്റ് താരം സഞ്‌ജു സാംസൺ ഭാര്യയോടൊപ്പം മലയാളികളുടെ പ്രിയ താരം ജയറാമിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ജയറാം തന്നെയാണ് തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിലൂടെ സഞ്‌ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

“പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..സഞ്‌ജു…ചാരു…ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം”- ചിത്രം പങ്കുവെച്ചു കൊണ്ട് ജയറാം ഫേസ്ബുക്കിൽ കുറിച്ചു. ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതി മകൾ മാളവിക ജയറാം സഞ്‌ജുവിന്റെ ഭാര്യ ചാരു എന്നിവരെയും ചിത്രത്തിൽ കാണാം.

അതേ സമയം പൊന്നിയിൻ സെൽവനാണ് ജയറാമിന്റെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സെപ്റ്റംബർ 30 നാണ് ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ തിയേറ്ററുകളിലെത്തുന്നത്. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ‘പൊന്നിയിൻ സെൽവൻ’ ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണി രത്‌നത്തിന്റെ ഏറ്റവും വലിയ സ്വപ്‌ന സിനിമയാണ്. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്.

നേരത്തെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ നടന്ന രസകരമായ അനുഭവങ്ങൾ നടൻ ജയറാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തനിക്ക് വലിയ വയറ് വേണമെന്നാണ് മണി സാർ ആദ്യം ആവശ്യപ്പെട്ടതെന്ന് പറയുകയാണ് ജയറാം. ആ സമയത്ത് മെലിഞ്ഞിരിക്കുകയായിരുന്ന താൻ നാല് മാസം കൊണ്ട് വളരെ കഷ്ടപ്പെട്ടാണ് തടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More: “എനിക്ക് മാത്രം മണി സാർ ഭക്ഷണം തരുമായിരുന്നു, കാരണം..’; പൊന്നിയിൻ സെൽവന്റെ രസകരമായ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് ജയറാം

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണി രത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.

Story Highlights: Jayaram shares pics with sanju samson