“ഓടരുത്, അംഗനവാടി വിട്ടതല്ല മക്കളെ..”; പൊട്ടിച്ചിരി പടർത്തി നിഷ്കളങ്കമായ ഒരു ചിതറിയോട്ടം
കുഞ്ഞുങ്ങളുടെ കളി ചിരിയും തമാശകളും ഇഷ്ടമല്ലാത്ത ആളുകളുണ്ടാവില്ല. അത് കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലും കുഞ്ഞുങ്ങളുടെ കുസൃതി നിറഞ്ഞ വിഡിയോകളൊക്കെ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കാറുണ്ട്. എത്ര വലിയ ടെൻഷനിൽ നിൽക്കുമ്പോഴും കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ചിരി പടർത്താത്ത മനുഷ്യരുണ്ടാവില്ല.
ഇപ്പോൾ ഒരു അംഗനവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരുകൂട്ടം അംഗനവാടി വിദ്യാർത്ഥികളായ കുരുന്നുകൾ കസേരകളിക്കാനായി വട്ടംകൂടി നിൽക്കുകയാണ്. മണിയടിക്കുമ്പോൾ കസേരയ്ക്ക് ചുറ്റും ഓടണമെന്നാണ്. എന്നാൽ മണിയടികേട്ടതും കുട്ടികൾ എല്ലാവരും നാലുപാടും ചിതറി ഓടി. പിന്നെയതൊരു കൂട്ടയോട്ടമായി. രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ‘അംഗനവാടി വിട്ടതല്ല മക്കളെ.. കസേരകളി ആണ്..ഇങ്ങോട്ട് വാ’- എന്ന അടികുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില് കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.
Story Highlights: Anganwadi funny video