ഉദ്ഘാടന മത്സരത്തിൽ ലോകചാമ്പ്യന്മാർക്ക് ദയനീയ തോൽവി; ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസിലൻഡിന് കൂറ്റൻ വിജയം
ഓസ്ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പ് സൂപ്പര്‍ 12 ലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ആതിഥേയർക്ക് കനത്ത പരാജയം. 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസിലൻഡ് നേടിയത്. ടോസ് നേടിയ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ന്യൂസിലൻഡ് നേടിയത്. 92 റൺസെടുത്ത് പുറത്താവാതെ നിന്ന ഡെവോണ്‍ കോണ്‍വെയാണ് ന്യൂസിലൻഡിന്റെ ടോപ്പ് സ്കോറർ.
എന്നാൽ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 17.1 ഓവറില്‍ 111 റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു. 50 റൺസ് എടുക്കുമ്പോഴേക്കും 4 വിക്കറ്റുകൾ നഷ്ടമായി തകർച്ചയോടെ തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് പിന്നീട് ആ അവസ്ഥയിൽ നിന്നും കര കയറാൻ കഴിഞ്ഞില്ല.
അതേ സമയം ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്താനുമായി നാളെയാണ്. കഴിഞ്ഞ ലോകകപ്പിലെ ദയനീയ പരാജയത്തിന്റെ ഓർമ്മകൾ മായ്ക്കാൻ ഒരുങ്ങി തന്നെയാണ് ഇന്ത്യ ഇറങ്ങുന്നത്. 2007 ലെ പ്രഥമ ലോകകപ്പിലെ കിരീട ധാരണത്തിനു ശേഷം ഒരിക്കൽ മാത്രം ഫൈനലിൽ കടന്ന ഇന്ത്യ ഇത്തവണ ലോകകപ്പിൽ മുത്തമിടുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.
നേരത്തെ ഇത്തവണത്തെ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ പ്രവചിച്ചിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട് ഓസ്ട്രേലിയ എന്നീ ടീമുകൾ സെമി ഫൈനലിലെത്തുമെന്നാണ് ഇതിഹാസ താരം പറയുന്നത്. ഇന്ത്യ കിരീടം നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ സച്ചിൻ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഇത്തവണത്തെ കറുത്ത കുതിരകളാവുമെന്നും പ്രവചിച്ചു.
Read More: പിങ്കിൽ തിളങ്ങി ഭാവന- ചിത്രങ്ങൾ
“ഇന്ത്യ ചാമ്പ്യന്മാരാവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിലെത്തുമെന്നാണ് ഞാൻ കരുതുന്നത്. ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും കറുത്ത കുതിരകളാവും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിലേത്. അത് അവർക്ക് ഗുണം ചെയ്യും.”- ഒരു അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.
Story Highlights: Australia huge loss against new zealand