പ്രഭുദേവയുടെ മാസ്റ്റർപീസ് സ്റ്റെപ്പുകളിൽ തിളങ്ങി മഞ്ജു വാര്യർ- ‘ആയിഷ’യിലെ ഹിറ്റ് ഗാനം പ്രേക്ഷകരിലേക്ക്

October 14, 2022

പ്രഭുദേവയുടെ കൊറിയോഗ്രാഫിയിൽ മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് ആരാധകർക്ക് ഒരു സ്വപ്ന സംയോജനമാണ്. ആയിഷ എന്ന ചിത്രത്തിൽ കണ്ണില് കണ്ണില് എന്ന ഗാനത്തിനായി ഈ കോംബോ ഒന്നിക്കുന്നുവെന്ന വാർത്ത വളരെയധികം ആവേശം പടർത്തിയിരുന്നു. ഇപ്പോഴിതാ, ആ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പ്രഭുദേവയുടെ മാസ്റ്റർപീസ് ചുവടുകളിൽ തിളങ്ങുകയാണ് മഞ്ജു വാര്യർ.

ഏതാനും മാസങ്ങൾക്ക് മുമ്പ് റാസൽഖൈമയിൽ ചിത്രീകരിച്ച ഗാനം 200 ഓളം കലാകാരന്മാർക്കൊപ്പം നാല് ദിവസം കൊണ്ട് ചിത്രീകരിച്ചതാണ്. സംഗീതസംവിധായകൻ എം ജയചന്ദ്രനാണ് ഈ പെപ്പി ട്രാക്കിന് സംഗീതം നൽകിയിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് രചന. അഹി അജയൻ ഗാനം ആലപിച്ചിരിക്കുന്നു. റിലീസ് ചെയ്തതിനുശേഷം 24 ലക്ഷത്തിലധികം കാഴ്‌ചകൾ ലിറിക് വിഡിയോ തന്നെ കടന്നിരുന്നു.

അറബ് കലാകാരന്മാരുടെ പശ്ചാത്തല സംഗീതം ഉൾക്കൊള്ളുന്ന ആവേശകരവും ഉന്മേഷദായകവുമായ ഗാനത്തിന്റെ ചിത്രീകരണ വേളയിലെ നിമിഷങ്ങളും അവതരിപ്പിച്ചു. ലിറിക്കൽ വിഡിയോയിൽ ഉണ്ടായിരുന്നു. രസകരമായ ഘടകങ്ങളുള്ള ഒരു കുടുംബ ചിത്രമാണ് ആയിഷ. ഇൻഡോ-അറബ് പശ്ചാത്തലത്തിൽ മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യത്തെ വാണിജ്യ മലയാള സിനിമ കൂടിയാണിത്.

Read Also: “പ്രിയസഖി ഗംഗേ പറയൂ..”; മാധുരിയമ്മയുടെ ഗാനം ആലപിച്ച് ദേവനക്കുട്ടി പാട്ടുവേദിയിൽ മധുരം നിറച്ച നിമിഷം

ആഷിഫ് കക്കോടിയുടെ തിരക്കഥയിൽ നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു, രാധിക, കൃഷ്ണ ശങ്കർ, മോന എന്നിവർക്കൊപ്പം ടുണീഷ്യ, യുഎഇ, ഫിലിപ്പീൻസ്, നൈജീരിയ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതാക്കളും അണിനിരക്കുന്ന ഒരു ഇൻഡോ-അറബ് ചിത്രമാണ് ആയിഷ. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- ayisha kannilu kannilu song video