ബുമ്ര ലോകകപ്പിനില്ല; ഔദ്യോഗിക പ്രസ്താവന പുറത്തു വിട്ട് ബിസിസിഐ
ടി 20 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ താരം ജസ്പ്രീത് ബുമ്ര കളിക്കില്ല. നേരത്തെ തന്നെ വിവരം പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും വരാത്തത് കൊണ്ട് തന്നെ ആരാധകർക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവന പുറത്തു വന്നിരിക്കുകയാണ്.
ബുമ്ര ലോകകപ്പിനുണ്ടാവില്ല എന്ന് അറിയിച്ചിരിക്കുകയാണ് ബിസിസിഐ. ബുമ്രയ്ക്ക് ഉടൻ പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ ലോകകപ്പിൽ ബുമ്ര, രവീന്ദ്ര ജഡേജ എന്നീ രണ്ട് പ്രധാന താരങ്ങൾ ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക. പരുക്കേറ്റ് പുറത്തായ ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിൽ ഇടംപിടിച്ചിരുന്നു.
ബുമ്രയുടെ അസാന്നിധ്യം ടീമിന് വലിയ തലവേദനയാവുമെന്ന് ഉറപ്പാണ്. ജസ്പ്രീത് ബുമ്ര പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ ടീം ഇന്ത്യയുടെ പ്രകടനം കൂടുതൽ ദുഷ്കരമാവും എന്ന് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ഷെയിൻ വാട്സൺ പറഞ്ഞിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുമ്ര ഒരു മികച്ച അറ്റാക്കിംഗ് ബൗളറാണ്. കൂടാതെ ലോകത്തെ മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് അവിശ്വസനീയമായ കഴിവുണ്ട്. ഇന്ത്യയ്ക്ക് ബുമ്രയുടെ അഭാവം വലിയ നഷ്ടമായിരിക്കും എന്നും ഷെയ്ൻ വാട്സൺ പറഞ്ഞിരുന്നു.
“ലോകത്ത് ബുമ്രയ്ക്ക് തുല്യമായ പകരക്കാരൻ ആരുമില്ല. അവസാന ഓവറുകളിൽ ബുമ്രയെ പോലെ പന്തെറിയുന്ന പ്രതിരോധ ബൗളർമാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയെ സംബന്ധിച്ച് പകരക്കാരനെ കണ്ടെത്തുകയാണ് യഥാർത്ഥ വെല്ലുവിളി. മറ്റ് ഫാസ്റ്റ് ബൗളർമാർ ചുമതല ഏറ്റെടുത്ത് മുന്നോട്ട് വരാതെ ടൂർണമെന്റിൽ മുന്നേറാൻ കഴിയില്ല” – വാട്സൺ കൂട്ടിച്ചേർത്തു.
Story Highlights: Bumrah will not play world cup according to bcci