“കുട്ടൻസ്, ഹാപ്പി ബെർത്ത്ഡേ..”; ബാംഗ്ലൂർ ഡേയ്‌സിലെ ചിത്രം പങ്കുവെച്ച് നിവിൻ പോളിക്ക് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ബാംഗ്ലൂർ ഡേയ്‌സ്. അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്രിയ. ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുവാക്കൾക്കിടയിൽ വലിയ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്‌സ്. ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള മലയാളത്തിലെ മൂന്ന് യുവതാരങ്ങൾ ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചു എന്നത് തന്നെയാണ് ചിത്രത്തെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.
ഇപ്പോൾ നിവിൻ പോളിക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ബാംഗ്ലൂർ ഡേയ്‌സിലെ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ജന്മദിനാശംസകൾ നേർന്നത്. “കുട്ടൻസ്, നല്ലൊരു ജന്മദിനം ആശംസിക്കുന്നു. വരാനിരിക്കുന്ന റിലിസുകളാല്‍ മനോഹരമായ വര്‍ഷമാകട്ടെ എന്നും ആശംസിക്കുന്നു” ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. ഇരുവരും തമ്മിൽ മികച്ച സൗഹൃദമാണുള്ളത്.
നേരത്തെ മമ്മൂട്ടി ചിത്രം റോഷാക്കിന് പ്രശംസയുമായി എത്തിയ ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ‘റോഷാക്കിനെക്കുറിച്ച് അത്യുജ്ജ്വലമായ കാര്യങ്ങളാണ് കേൾക്കുന്നത്. പുതുമയാർന്ന സീറ്റ് എഡ്ജ് ത്രില്ലറാണിത്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’ ചിത്രത്തിലെ സ്റ്റില്ലുകൾ പങ്കുവെച്ചു കൊണ്ട് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വളരെ പെട്ടെന്നാണ് ആരാധകർ പോസ്റ്റ് ഏറ്റെടുത്തത്.
അതേ സമയം നിവിൻ പോളിയുടെ പടവെട്ട് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തിരുന്നു. ‘മഹാവീര്യർ’ എന്ന ഫാന്റസി ഡ്രാമ ചിത്രത്തിന് ശേഷം താരം അഭിനയിച്ചിരിക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്‌തിരിക്കുന്നത്. നിവിൻ പോളിയോടൊപ്പം അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Story Highlights: Dulquer birthday wish for nivin pauly