ലൂസിഫറിനോളം എത്തുമോ; ചിരഞ്ജീവിയുടെ ഗോഡ്ഫാദർ നാളെ റിലീസ് ചെയ്യുന്നു

കേരള ബോക്സോഫീസിൽ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റായി മാറിയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ‘ഗോഡ്ഫാദർ.’ ചിരഞ്ജീവി നായകനാവുന്ന ചിത്രം നാളെ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ആരാധകരെ ആവേശം കൊള്ളിച്ച ലൂസിഫർ തെലുങ്കിലേക്ക് എത്തുമ്പോൾ മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോയുമൊക്കെ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ അതൊക്കെ ഏറ്റെടുത്തത്. ലൂസിഫറിന്റെ ട്രെയ്ലർ പോലെ തന്നെയാണ് ഗോഡ്ഫാദറിന്റെ ട്രെയ്ലറും ഒരുങ്ങിയിരിക്കുന്നത്.
അതേ സമയം ചിരഞ്ജീവിയുടെ പിറന്നാളിന് ആരാധകർക്കുള്ള സമ്മാനമായി നേരത്തെ ഗോഡ്ഫാദറിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുകയെന്നാണ് അറിയാൻ കഴിയുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ നയൻ താരയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.
മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി സംവിധായകരുടെ പേരുകൾക്ക് ശേഷമാണ് ചിത്രം മോഹൻ രാജയിലേക്ക് എത്തുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിർമിക്കുന്നതും ചിരഞ്ജീവിയാണ്. കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയത്.
Story Highlights: Godfather releases tomorrow