മലയാളം ‘ദൃശ്യം 2’ അല്ല ഹിന്ദിയിലേത്..; തുറന്ന് പറഞ്ഞ് അജയ് ദേവ്ഗൺ
ഹിന്ദി ‘ദൃശ്യം 2’ കഥയിൽ മാറ്റങ്ങളുണ്ടാവുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായകൻ അജയ് ദേവ്ഗൺ. മലയാളം പതിപ്പിൽ ഇല്ലാത്ത നിരവധി കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. അതിനാൽ തന്നെ മലയാളം, തെലുങ്ക് പതിപ്പുകളിൽ നിന്നും ഒട്ടേറെ മാറ്റങ്ങളോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നതെന്നാണ് അജയ് ദേവ്ഗൺ പറയുന്നത്.
ഗോവയിൽ നടന്ന ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയാണ് അജയ് ദേവ്ഗൺ ചിത്രത്തെ പറ്റി മനസ്സ് തുറന്നത്. മാറ്റങ്ങൾ പലതും വരുത്തിയിട്ടുണ്ടെങ്കിലും മലയാളം സിനിമയുടെ സത്ത ഒട്ടും ചോരാതെ സൂക്ഷിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. “ഒരുപാട് പുതിയ കഥാപാത്രങ്ങള്‍ ഈ പതിപ്പില്‍ വരുന്നുണ്ട്. ഒരുപാട് മാറ്റങ്ങൾ വരുത്തി. മലയാളം പതിപ്പില്‍ കമലേഷ് സാവന്ത് അവതരിപ്പിക്കുന്ന ഗൈതോണ്ടെയുടെ കഥാപാത്രത്തെ കാണാന്‍ പറ്റില്ല. ഒപ്പം അക്ഷയുടെ കഥാപാത്രവും നിങ്ങൾ കാണില്ല. അതിനാൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പക്ഷേ സംവിധായകന് പറഞ്ഞപോലെ സിനിമയുടെ സത്ത ചോരാതെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങൾ സിനിമ കാണുമ്പോൾ അത് നിങ്ങൾക്ക് വളരെ പുതുമയുള്ളതായിരിക്കും.” അജയ് ദേവ്ഗൺ പറഞ്ഞു.
അതേ സമയം ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
2021 ഫെബ്രുവരി 19 നാണ് ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫിന്റെ സംവിധാനത്തിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും അഭിനയിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.
Story Highlights: Hindi drishyam 2 will be different from malayalam according to ajay devgn