മിന്നൽ മുരളിക്ക് മറ്റൊരു അന്താരാഷ്ട്ര അംഗീകാരം; പിന്തള്ളിയത് 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളെ
മലയാള സിനിമയെ ലോക പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമയായിരുന്നു ‘മിന്നൽ മുരളി.’ മലയാള സിനിമയ്ക്ക് ഏറെ പുതുമയുള്ള ഒരു സൂപ്പർഹീറോ സിനിമയായി ഒരുങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സൂപ്പർഹീറോ ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആളുകളാണ് സിനിമയ്ക്ക് പ്രശംസയുമായി രംഗത്ത് എത്തിയിരുന്നത്.
ഇപ്പോൾ മിന്നൽ മുരളിയെ തേടി മറ്റൊരു അന്താരാഷ്ട്ര അംഗീകാരം എത്തിയിരിക്കുകയാണ്. ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച സംവിധായകനുള്ള പുരസ്കാരമാണ് ചിത്രം നേടിയിരിക്കുന്നത്. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് മിന്നൽ മുരളി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
നേരത്തെ ന്യൂയോർക് ടൈംസിന്റെ പ്രതിമാസ ലിസ്റ്റിൽ ഏറ്റവും മികച്ച 5 സിനിമകളിൽ ഒന്നായി മിന്നൽ മുരളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയ സിനിമ എന്ന നിലയിൽ ആഗോള തലത്തിലെ പല പ്രമുഖ ലിസ്റ്റുകളിലും ചിത്രം സ്ഥാനം നേടിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രം സ്ട്രീമിംഗ് സെർവിസിന്റെ എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമകളിൽ ഒന്നായി മാറിയിരുന്നു.
പരിമിതമായ നിർമാണച്ചിലവിൽ ഒരുങ്ങിയ മിന്നൽ മുരളി മികച്ച ഒരു സൂപ്പർഹീറോ ഒറിജിൻ സിനിമയായാണ് ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം സോഫിയ പോൾ നിർവഹിച്ചിരിക്കുന്നു. സംവിധായകൻ കൂടിയായ സമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. മിന്നൽ മുരളിയായി ടോവിനോ തോമസ് എത്തിയ സിനിമയിൽ ഗുരു സോമസുന്ദരം, ഫെമിന ജോർജ്, അജു വർഗീസ്, ഷെല്ലി കിഷോർ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
Story Highlights: International award for minnal murali