“അധികം വൈകാതെ സഞ്ജുവിന്റെ ശബ്‌ദവും സ്‌റ്റേജിലെത്തും..”; സഞ്ജു സാംസണിന്റെ ശബ്‌ദം അനുകരിക്കുന്നതിനെ പറ്റി ജയറാം

October 4, 2022

കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം സഞ്ജു സാംസൺ നടൻ ജയറാമിന്റെ വീട്ടിലെത്തിയത്. ഭാര്യ ചാരുവിനൊപ്പമാണ് സഞ്ജു ജയറാമിന്റെ അതിഥിയായി എത്തിയത്. ഈ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ ജയറാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

“പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..സഞ്‌ജു…ചാരു…ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം”- ചിത്രം പങ്കുവെച്ചു കൊണ്ട് ജയറാം ഫേസ്ബുക്കിൽ കുറിച്ചു. ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതി മകൾ മാളവിക ജയറാം സഞ്‌ജുവിന്റെ ഭാര്യ ചാരു എന്നിവരെയും ചിത്രത്തിൽ കാണാം.

ഇപ്പോൾ സഞ്ജു വീട്ടിൽ വന്ന് പോയതിന് ശേഷം താൻ താരത്തിന്റെ ശബ്‌ദം അനുകരിച്ചു തുടങ്ങിയെന്നാണ് ജയറാം പറയുന്നത്. വീട്ടിൽ പലപ്പോഴും താൻ സഞ്ജുവിന്റെ ശബ്‌ദത്തിൽ ഇപ്പോൾ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു കൂടി നന്നാക്കാനുണ്ടെന്നും അതിന് ശേഷം അധികം വൈകാതെ സഞ്ജുവിന്റെ ശബ്‌ദം താൻ സ്‌റ്റേജിൽ എത്തിക്കുമെന്നും ജയറാം കൂട്ടിച്ചേർത്തു.

അതേ സമയം പൊന്നിയിൻ സെൽവന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടയിൽ ജയറാം നടൻ പ്രഭുവിനെ അനുകരിച്ചു കാണിച്ച് താരങ്ങളെയും ആരാധകരെയും പൊട്ടിച്ചിരിപ്പിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് രാവിലെ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവമാണ് ജയറാം വേദിയിൽ അഭിനയിച്ചു കാണിച്ചത്. അതോടൊപ്പം സംവിധായകൻ മണി രത്നം, നടൻ ജയം രവി എന്നിവരെയും ജയറാം വേദിയിൽ അനുകരിച്ചിരുന്നു.

Read More: പ്രഭുവിനെ അനുകരിച്ച് ജയറാം; ചിരിയടക്കാനാവാതെ രജനീകാന്തും മണി രത്നവും-വിഡിയോ

വളരെ പെട്ടെന്നാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ചിരിയടക്കാൻ കഴിയാതെ ജയറാമിന്റെ അനുകരണം ആസ്വദിക്കുന്ന രജനീ കാന്തിനെയും മണി രത്നത്തെയും പ്രഭുവിനെയും വിഡിയോയിൽ കാണാം. വിക്രമും ഐശ്വര്യ റായിയും ജയറാമിന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

Story Highlights: Jayaram about imitating sanju samson