‘സർദാർ’ സിനിമയിൽ കാർത്തി എത്തുന്നത് 15 ലുക്കുകളിൽ!

October 18, 2022

‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ വന്ദ്യദേവന്റെ വേഷത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ കാർത്തി തന്റെ അടുത്ത ചിത്രമായ ‘സർദാർ’ റിലീസിന്റെ തിരക്കിലാണ്. ഈ ആഴ്ച ഒക്ടോബർ 21 ന് റിലീസ് ചെയ്യാനിരിക്കുകയാണ് ചിത്രം. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘സർദാറിൽ’ കാർത്തി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ ‘സർദാറി’ലെ കാർത്തിയുടെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. 15 വ്യത്യസ്‌ത ലുക്കിലാണ് താരം എത്തുന്നത്. ഒന്നിലധികം രൂപങ്ങൾ മാറുന്ന ഒരു സ്പൈ ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് നൽകുന്നത്.

പി എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാറി’ൽ റാഷി ഖന്നയും രജിഷ വിജയനും നായികമാരായി എത്തുമ്പോൾ തമിഴ് സിനിമയിലെ ഹിറ്റ് നായിക ലൈല വീണ്ടും അഭിനയലോകത്തേക്ക് എത്തുന്നത് ഈ സിനിമയിലൂടെയാണ്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്നു. രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പി.എസ് മിത്രൻ തന്റെ മൂന്നാമത്തെ സംവിധാനം നിർവഹിക്കാൻ ഒരുങ്ങുകയാണ്. ഈ ചിത്രത്തിലൂടെ അദ്ദേഹം ഹാട്രിക് ഹിറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ.

Read also: ഇന്ന് ഐഎസ്എൽ എൽ ക്ലാസിക്കോ; കേരള ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹൻ ബഗാൻ മത്സരം അൽപസമയത്തിനകം

‘സർദാർ’ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നു, 2019 ലെ ബ്ലോക്ക്ബസ്റ്റർ ‘കൈതി’ക്ക് ശേഷം കാർത്തി വീണ്ടും ദീപാവലി റിലീസുമായി എത്തുന്നത് ഈ സിനിമയിലൂടെയാണ്. ധനുഷിനൊപ്പം നായികയായി കർണൻ എന്ന ചിത്രത്തിലൂടെയാണ് നടി രജിഷ വിജയൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. കർണനിലെ പ്രകടനം രജിഷയ്ക്ക് തമിഴകത്ത് കൂടുതൽ അവസരങ്ങളിലേക്ക് വാതിൽ തുറക്കുകയാണ്. കാർത്തിയുടെ നായികയായി സർദാറിൽ വേഷമിടാൻ ഒരുങ്ങുന്നതിനൊപ്പം അടുത്ത ചിത്രത്തിനായുള്ള കാരാറിലും നടി ഒപ്പുവെച്ചുകഴിഞ്ഞു.

STORY HIGHLIGHTS- Karthi to play 15 different looks in ‘Sardar’