“പെയിന്റിങ്ങുമായി ഒതുങ്ങി കൂടാമെന്ന് കരുതി, അപ്പോഴാണ് മമ്മൂക്കയുടെ വിളി വരുന്നത്..”; റോഷാക്കിൽ അഭിനയിക്കാൻ എത്തിയതിനെ പറ്റി കോട്ടയം നസീർ

October 10, 2022

മമ്മൂട്ടി ചിത്രം റോഷാക്ക് തിയേറ്ററുകളിൽ കൈയടി ഏറ്റുവാങ്ങുമ്പോൾ അമ്പരപ്പിക്കുന്ന പ്രകടനമാണ് അഭിനേതാക്കൾ കാഴ്ച്ചവെച്ചതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം പറയുന്നത്.പ്രമേയത്തിലും കഥപറച്ചിൽ രീതിയിലുമുള്ള പുതുമയാണ് പ്രേക്ഷകർ എടുത്തു പറയുന്നത്. മമ്മൂട്ടിയോടൊപ്പം മറ്റ് താരങ്ങളും പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുകയാണ്.

ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടൻ കോട്ടയം നസീറിന്റേതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായി മാറിയിരിക്കുകയാണ് റോഷാക്കിലേത്. ഇപ്പോൾ താൻ ചിത്രത്തിലേക്ക് എത്തിയതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് കോട്ടയം നസീർ.

കൊവിഡിന് ശേഷം സ്റ്റേജ് പ്രോഗ്രാമുകളൊക്കെ കുറഞ്ഞതോടെ പെയിന്റിങുമായി ഒതുങ്ങി കൂടാൻ തീരുമാനിക്കുകയായിരുന്നു താനെന്ന് പറയുകയാണ് നടൻ. അതിനിടയിലാണ് മമ്മൂക്ക ചിത്രത്തിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. ഇങ്ങനെയൊരു കഥാപാത്രത്തിന് വേണ്ടി സിനിമയിലേക്ക് വിളിച്ചതിന്റെ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല എന്നും ആദ്യമായിട്ടാണ് ഒരു സിനിമയുടെ മുഴുവൻ തിരക്കഥ തനിക്ക് ലഭിക്കുന്നതെന്നും കോട്ടയം നസീർ പറയുന്നു. മമ്മൂക്കയ്ക്കും സംവിധായകൻ നിസാം ബഷീറിനും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം റോഷാക്കിന് പ്രശംസയുമായി ദുൽഖർ സൽമാൻ രംഗത്ത് വന്നിരുന്നു. ‘റോഷാക്കിനെക്കുറിച്ച് അത്യുജ്ജ്വലമായ കാര്യങ്ങളാണ് കേൾക്കുന്നത്. പുതുമയാർന്ന സീറ്റ് എഡ്ജ് ത്രില്ലറാണിത്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’ ചിത്രത്തിലെ സ്റ്റില്ലുകൾ പങ്കുവെച്ചു കൊണ്ട് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Read More: ഡയറക്ടർ ഫൈറ്റ് മാസ്റ്ററായി, നിർദേശങ്ങളുമായി മമ്മൂട്ടി; വൈറലായി റോഷാക്കിന്റെ ലൊക്കേഷൻ വിഡിയോ

നേരത്തെ തന്നെ പുറത്തു വന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story Highlights: Kottayam naseer about getting a call from mammootty