ഡയറക്ടർ ഫൈറ്റ് മാസ്റ്ററായി, നിർദേശങ്ങളുമായി മമ്മൂട്ടി; വൈറലായി റോഷാക്കിന്റെ ലൊക്കേഷൻ വിഡിയോ

October 8, 2022

തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ പ്രദർശനം തുടരുന്നത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി അടക്കമുള്ള അഭിനേതാക്കൾ കാഴ്ച്ചവെച്ചതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം പറയുന്നത്.പ്രമേയത്തിലും കഥപറച്ചിൽ രീതിയിലുമുള്ള പുതുമയാണ് പ്രേക്ഷകർ എടുത്തു പറയുന്നത്.

റോഷാക്കിന്റെ ഒരു ലൊക്കേഷൻ വിഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കാനായി സംവിധായകൻ നിസാം ബഷീർ തന്നെ ഫൈറ്റ് മാസ്റ്ററായി മാറുകയായിരുന്നു. അദ്ദേഹം ഫൈറ്റിന്റെ റിഹേഴ്‌സൽ എടുക്കുന്ന സമയത്ത് അരികിൽ നിന്ന് മമ്മൂട്ടി തന്നെ നിർദേശം നൽകുകയാണ്. ഇതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രൊഡക്ഷൻ കൺട്രോളറും ഈ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനറുമായ ബാദുഷയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേ സമയം റോഷാക്കിന് പ്രശംസയുമായി ദുൽഖർ സൽമാൻ രംഗത്ത് വന്നിരുന്നു. ‘റോഷാക്കിനെക്കുറിച്ച് അത്യുജ്ജ്വലമായ കാര്യങ്ങളാണ് കേൾക്കുന്നത്. പുതുമയാർന്ന സീറ്റ് എഡ്ജ് ത്രില്ലറാണിത്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’ ചിത്രത്തിലെ സ്റ്റില്ലുകൾ പങ്കുവെച്ചു കൊണ്ട് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

നേരത്തെ തന്നെ പുറത്തു വന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: മമ്മൂട്ടിയുടെ കൂൾ കാർ ഡ്രിഫ്റ്റിംഗ്- വിഡിയോ

റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ച് അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.

Story Highlights: Rorschach location video