ബ്രഹ്മാണ്ഡ ഹിറ്റ്; തമിഴ് നാട്ടിൽ റെക്കോർഡ് കളക്ഷൻ നേടി പൊന്നിയിൻ സെൽവൻ, പിന്തള്ളിയത് വിജയ്, കമൽ ഹാസൻ ചിത്രങ്ങളുടെ റെക്കോർഡുകളെ

October 9, 2022

ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ. പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ ഏറ്റുവാങ്ങുന്നതിനൊപ്പം ബോക്‌സോഫീസ് കളക്ഷനിലും ചിത്രം ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ്. ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം വമ്പൻ ഓപ്പണിങ് വീക്കെൻഡ് കളക്ഷനും നേടിയിരുന്നു.

ബോക്‌സോഫീസിൽ 300 കോടി നേടിയ ചിത്രം ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ വാരം തമിഴ് നാട്ടിൽ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം ആയിരിക്കുകയാണ് പൊന്നിയിൻ സെൽവൻ. സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ് നാട്ടിൽ നിന്നുമാത്രം നേടിയത് 128 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സർക്കാർ ബോക്സ് ഓഫീസിൽ ആദ്യ വാരം നേടിയത് 102 കോടിയാണ്.

ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Read More: “എയ് പുത്തർ..”; കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയ്‌ലർ എത്തി

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Story Highlights: Ponniyin selvan record box office collection