“എയ് പുത്തർ..”; കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയ്‌ലർ എത്തി

October 9, 2022

ആരാധകരുടെ വലിയ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം മോൺസ്റ്ററിന്റെ ട്രെയ്‌ലറെത്തി. നിഗൂഡതയുണർത്തുന്ന കഥാപശ്ചാത്തലമാണ് ചിത്രത്തിനുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വ്യത്യസ്‌തമായ ഗെറ്റപ്പുള്ള ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വലിയ ആവേശത്തോടെ മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ.’ ചിത്രം ഒക്ടോബർ 21 ന് തിയേറ്ററുകളിലെത്തും.

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ തിരക്കഥ രചിച്ച ഉദയകൃഷ്‌ണ തന്നെയാണ് മോൺസ്റ്ററിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പതിനൊന്നു മണിക്ക് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. “ഡെവിളിനെ കാണാനുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. മോൺസ്റ്ററിന്റെ ഔദ്യോഗിക ട്രെയിലർ ഈ ഞായറാഴ്ച പുറത്തിറങ്ങുമെന്നതിനാൽ അതീവ ജാഗ്രതയോടെ തുടരുക” ട്രെയ്‌ലറിന്റെ റീലീസ് തീയതി അറിയിച്ചു കൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Read More: മമ്മൂട്ടിയുടെ കൂൾ കാർ ഡ്രിഫ്റ്റിംഗ്- വിഡിയോ

അതേ സമയം ജീത്തു ജോസഫിന്റെ റാമാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കൊണ്ടിരിക്കുകയാണ്.

Story Highlights: Monster trailer released