3 ദിവസം കൊണ്ട് 230 കോടി നേടി പൊന്നിയിൻ സെൽവൻ; ബ്രഹ്മാണ്ഡ വിജയത്തിലേക്കടുത്ത് മണി രത്നം ചിത്രം

October 3, 2022

പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് മണി രത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ.’ ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രത്തിന് വമ്പൻ ഓപ്പണിങ് വീക്കെൻഡ് കളക്ഷനാണ് കിട്ടിയിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

3 ദിവസം കൊണ്ട് 230 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിനകത്ത് മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 100 കോടി പിന്നിട്ടു. 4.13 മില്യണ്‍ ഡോളര്‍ കളക്ഷനാണ് യുഎസ് ബോക്‌സ് ഓഫിസില്‍ പൊന്നിയിന്‍ സെല്‍വന്‍ വാരിക്കൂട്ടിയത്. ഇത് ഒരു തമിഴ് സിനിമയ്ക്ക് യുഎസ് ബോക്‌സ് ഓഫിസില്‍ ലഭിക്കുന്ന എക്കാലത്തേയും മികച്ച ഓപ്പണിംഗാണ്.

ലോകമെമ്പാടും തന്നെ ഈ വീക്കെൻഡ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് പൊന്നിയിൻ സെൽവൻ. ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും, ട്രെയ്‌ലറും, ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും, കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Read More: പൊന്നിയിൻ സെൽവന് ശോഭനയുടെ സ്നേഹ സമ്മാനം- മനോഹരമായ നൃത്താവിഷ്കാരം

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണിരത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.

Story Highlights: Ponniyin selvan record weekend collection