പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രത്തിന്റെ ട്രെയ്‌ലറെത്തി; ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

October 9, 2022

ഇന്ത്യൻ സിനിമ ലോകത്തിന് വലിയ ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ മരണം. അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകർക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കുമൊക്കെ നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയത്.

ഇപ്പോൾ പുനീതിന്റെ അവസാന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുകയാണ്. ഒരു ഡോക്യുഡ്രാമയായി ഒരുങ്ങിയിരിക്കുന്ന ‘ഗന്ധഡ ഗുഡി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അമോഘവര്‍ഷ ജെ.എസ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.പുനീതിന്‍റെ ഭാര്യ അശ്വിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രെയ്‌ലർ പങ്കുവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രെയ്‌ലർ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ട്രെയ്‌ലർ പങ്കുവച്ചപ്പോൾ അശ്വിനി മോദിയെ ടാഗ് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ട്രെയ്‌ലർ ട്വിറ്ററിൽ പങ്കുവെച്ചത്. “ലോകത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലാണ് അപ്പു ജീവിക്കുന്നത്. പ്രതിഭയുടെ ധാരാളിത്തമുള്ള ഒരാള്‍, ഏറെ ഊര്‍ജ്ജമുള്ള, അസാമാന്യ കഴിവുകളുണ്ടായിരുന്ന ഒരാള്‍. ഗന്ധഡ ഗുഡി പ്രകൃതി മാതാവിനും കര്‍ണാടകത്തിന്‍റെ നൈസര്‍ഗിക സൗന്ദര്യത്തിനും പരിസ്ഥിതി പരിപാലനത്തിനുമുള്ള ആദരവാണ്. ഈ സംരംഭത്തിന് എന്‍റെ എല്ലാവിധ ആശംസകളും.” ട്രെയ്‌ലർ പങ്കുവെച്ചു കൊണ്ട് മോദി ട്വീറ്റ് ചെയ്‌തു.

Read More: “പുനീതിന്റെ മരണം ഒരു വലിയ ഷോക്കായിരുന്നു..”; കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാവന

അതേ സമയം പുനീതിന്റെ മരണത്തെ പറ്റി നടി ഭാവന പങ്കുവെച്ച ഓർമ്മകൾ ശ്രദ്ധേയമായി മാറിയിരുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലാണ് ഭാവന പുനീതിന്റെ മരണത്തെ പറ്റി സംസാരിച്ചത്. വലിയ സൗഹൃദമാണ് പുനീതും അദ്ദേഹത്തിന്റെ കുടുംബവുമായി ഉണ്ടായിരുന്നതെന്ന് പറയുകയാണ് താരം. പുനീതിന്റെ മരണം വലിയൊരു ഷോക്കായിരുന്നു. അതിന് രണ്ട് ദിവസം മുൻപും അദ്ദേഹത്തെ കണ്ടിരുന്നുവെന്നും മരണ വാർത്ത അറിഞ്ഞപ്പോൾ അത് ഒരു പക്ഷെ വ്യാജ വാർത്തയായിരിക്കുമെന്ന് കരുതിയിരുന്നുവെന്നും ഭാവന കൂട്ടിച്ചേർത്തു.

Story Highlights: Puneeth rajkumar last film trailer released