“പുനീതിന്റെ മരണം ഒരു വലിയ ഷോക്കായിരുന്നു..”; കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാവന

September 25, 2022

അവിട്ടം നാളിലാണ് മലയാളികളുടെ പ്രിയ നടി ഭാവന അറിവിന്റെ വേദിയിൽ പ്രത്യേക അതിഥിയായി എത്തിയത്. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത താരം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്ന് ഒരിടവേള എടുത്ത താരത്തിന്റെ തിരിച്ചു വരവ് വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിനെ പറ്റി ഭാവന പങ്കുവെച്ച ഓർമ്മകളാണ് ശ്രദ്ധേയമാവുന്നത്. താരത്തിനൊപ്പം മൂന്ന് ചിത്രങ്ങളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. വലിയ സൗഹൃദമാണ് പുനീതും അദ്ദേഹത്തിന്റെ കുടുംബവുമായി ഉണ്ടായിരുന്നതെന്ന് പറയുകയാണ് താരം. പുനീതിന്റെ മരണം വലിയൊരു ഷോക്കായിരുന്നു. അതിന് രണ്ട് ദിവസം മുൻപും അദ്ദേഹത്തെ കണ്ടിരുന്നുവെന്നും മരണ വാർത്ത അറിഞ്ഞപ്പോൾ അത് ഒരു പക്ഷെ വ്യാജ വാർത്തയായിരിക്കുമെന്ന് കരുതിയിരുന്നുവെന്നും ഭാവന കൂട്ടിച്ചേർത്തു. അതോടൊപ്പം തന്നെ ദുബായ് എയർപോർട്ടിൽ വെച്ച് നടന്ന ഒരു സംഭവവും ഭാവന വേദിയിൽ പങ്കുവെച്ചു.

നേരത്തെ ആദ്യ സിനിമയായ നമ്മളിന്റെ വിശേഷങ്ങൾ ഭാവന വേദിയിൽ പങ്കുവെച്ചിരുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷം മറ്റ് താരങ്ങളെ ഒക്കെ ആളുകൾ അഭിനന്ദിക്കുന്നുണ്ടായിരുന്നുവെന്നും തന്നെ ആരും തിരിച്ചറിഞ്ഞില്ല എന്നും ഓർത്തെടുക്കുകയാണ് ഭാവന. ഇതിൽ ചെറുതായി വിഷമം തോന്നിയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അതിനിടയിൽ ചിത്രത്തിൽ പരിമളം ആയി അഭിനയിച്ച കുട്ടി നന്നായിരുന്നുവെന്ന് ആരോ പറഞ്ഞപ്പോൾ അത് താനാണ് എന്ന് തനിക്ക് എടുത്ത് പറയേണ്ടി വന്നുവെന്നും ഭാവന പറഞ്ഞു.

Read More: “ഇതിലും വലുത് നേടാനാകുമോ എന്നറിയില്ല..”; അവാർഡ് ദാന വേദിയിൽ ശബ്‌ദമിടറി വാക്കുകൾ പൂർത്തിയാക്കാനാവാതെ നടൻ ജോജു ജോർജ്

‘‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രമാണ് ഭാവനയുടെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂർത്തിയായിരുന്നു. 60 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയായത്. ഭാവന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഷൂട്ടിംഗ് പൂർത്തിയായെന്ന വിവരം പങ്കുവെച്ചത്. “അങ്ങനെ അത് പൂർത്തിയായി!! സ്നേഹമല്ലാതെ മറ്റൊന്നുമില്ല.” ഭാവന കുറിച്ചു.

Story Highlights: Bhavana shares memories about puneet rajkumar