കരുവന്നൂർ ബാങ്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി; ഫ്ലവേഴ്‌സിനും ട്വന്റിഫോറിനും നന്ദി അറിയിച്ച് നിക്ഷേപകൻ ജോഷി ആന്റണി

January 31, 2024

പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് ജോഷി ആന്റണിയും കുടുംബവും സമ്പാദിച്ചത് മുഴുവനും കരുവന്നൂര്‍ സഹകരണ ബാങ്കിലായിരുന്നു നിക്ഷേപിച്ചത്. എന്നാല്‍ ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ നിക്ഷേപത്തുക തിരികെ ലഭിക്കുന്നതിനായി ബാങ്കിലെത്തുമ്പോഴെല്ലാം വെറും കയ്യോടെ മടങ്ങാനായിരുന്നു ജോഷിയുടെ വിധി. പണം മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജോഷിയുടെ ജീവിതം ഫ്ലവേഴ്‌സ് ഒരു കോടിയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഇടപെട്ട് ജോഷിയുടെ 28 ലക്ഷം രൂപ മടക്കി നല്‍കുമെന്ന് അറിയിച്ചിരുന്നു. ( Karuvannur investor Joshi Antony thanks to Flowers and 24 news )

നിക്ഷേപത്തുക മടക്കി നല്‍കാനുള്ള ഇടപെടല്‍ ട്വന്റിഫോറിനും ഫ്ലവേഴ്സിനും നന്ദി അറിയിക്കുകയാണ് ജോഷി ആന്റണി. 28 ലക്ഷം ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് അധികൃതര്‍ കൈമാറിയെന്നും, ഫ്‌ലവേഴ്‌സിന്റെയും ട്വന്റിഫോറിന്റെയും ഇടപെടലിന് നന്ദി അറിയിക്കുന്നുവെന്നും ജോഷി പ്രതികരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയില്‍ തന്റെ പേരിലുള്ള നിക്ഷേപം മടക്കി ലഭിച്ചത് ആശ്വാസമെന്നും ജോഷി ആന്റണി പറഞ്ഞു. അതേസമയം കുടുംബാംഗങ്ങളുടെ പണം തിരികെ നല്‍കുന്ന തീയതി സംബന്ധിച്ച തീരുമാനം ഇന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുമെന്നും ജോഷി വ്യക്തമാക്കി.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേണ്ടി വന്നയാളാണ് 53-കാരനായ ജോഷി. കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല.

Read Also : ഫ്‌ളവേഴ്‌സ് ഒരുകോടി ഇംപാക്ട്; കുടുംബത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിൽ, ജോഷി ആന്റണിക്ക് പണം തിരികെ നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

കുടുംബത്തിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോള്‍ സിപിഎം നേതാക്കള്‍ അസഭ്യ പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഈ മാസം 30-ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ ജോഷി പറഞ്ഞത്.

വിഷയത്തില്‍ നവകേരള സദസ്സിലും ജോഷി പരാതി നല്‍കിയിരുന്നു. പ്രതിസന്ധികള്‍ മറികടന്നു താനും കുടുംബവും തിരികെപ്പിടിച്ച ജീവിതവും സമ്പാദ്യവുമാണ് കരുവന്നൂര്‍ ബാങ്കും ജീവനക്കാരും കേരളത്തിന്റെ ഭരണ സംവിധാനവും കൂടി തകര്‍ത്തതെന്നും ജോഷി കത്തില്‍ ആരോപിച്ചിരുന്നു.

Story highlights : Karuvannur investor Joshi Antony thanks to Flowers and 24 news