ഓട്ടിസം ബാധിച്ച സഹോദരൻ, പാർക്കിൻസൺ രോഗവുമായി അമ്മ; പ്രതിസന്ധിയിലൂടെ പൊരുതുന്ന നിഖിൽ വിനോദിന് കൈത്താങ്ങായി ട്വന്റിഫോർ

January 29, 2024

പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാവ്, ഓട്ടിസം ബാധിതനായ സഹോദരന്‍.. ഈ കുടുംബത്തിന്റെ അത്താണിയാണ് തിരുവനന്തപുരം സ്വദേശിയായ 18- വയസുകാരനായ നിഖില്‍ വിനോദ്. ഈ പ്രതിസന്ധികളിലൂടെയെല്ലാം തളരാതെ മുന്നോട്ടുള്ള ജീവിതം നയിക്കുകയാണ് പ്ലസ് ടു വിദ്യാര്‍ഥിയായ നിഖില്‍. ആത്മവിശ്വാസത്തോടെ ഈ പ്രതിസന്ധികളെയെല്ലാം നേരിട്ടുകൊണ്ട് മുന്നോട്ടുപോകുന്ന നിഖിലിന് കൈത്താങ്ങായി ട്വന്റിഫോര്‍ ടീം. തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ നിഖിലിന്റെ പഠനച്ചെലവ് അബീര്‍ ഗ്രൂപ്പ് ഏറ്റെടുക്കും. അതോടൊപ്പം തന്നെ നിഖിലിന്റെ അമ്മയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്തെന്ന് ട്വന്റിഫോര്‍ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് ഏറ്റെടുത്തു. ( Nikhil studies and mother treatment sponsored by Abeer group )

നിഖിലിന്റെ ജീവിതം സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ ട്വന്റിഫോര്‍ സംഘം നിഖിലിനേയും കുടുംബത്തേയും പ്രേക്ഷക സംസ്ഥാന സമ്മേളന വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ വേദിയില്‍ വച്ചാണ്, കരുതലിന്റെ പര്യായമായ നിഖിലിന് ട്വന്റിഫോര്‍ കൈത്താങ്ങായത്.

ആറ് വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുകയായിരുന്ന നിഖിലിന്റെ പിതാവ് മരിച്ചത്. ഇതോടെയാണ് നിഖിലിന്റെയും കുടുംബത്തിന്റെയും ജീവിതം മാറി മറിയുന്നത്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ഒരു കൗമാരക്കാരന് താങ്ങാവുന്നതിലുമധികം സമ്മര്‍ദങ്ങളിലൂടെ കടന്നുപോയിട്ടും നിഖില്‍ തളരാതെ പിടിച്ചു നിന്നു.

തന്റെ മുന്നിലുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ വളരെ ആത്മവിശ്വാത്തോടെ ഏറ്റെടുത്ത് മുന്നോട്ടുപോകുകയായിരുന്നു നിഖില്‍. അനിയന്‍ അപ്പുവിന്റേയും അമ്മയുടേയും കാര്യങ്ങള്‍ നോക്കി വീട്ടുജോലികളും ചെയ്തുതീര്‍ത്ത ശേഷമാണ് നിഖില്‍ സ്‌കൂളില്‍ പോകുന്നത്. പ്രതിസന്ധികളില്‍ തളരാതെ, കഷ്ടതകളെ എങ്ങനെ ചിരിച്ചുകൊണ്ട് നേരിടണമെന്ന വലിയൊരു മാതൃകയാണ് നിഖില്‍ ലോകത്തെ പഠിപ്പിക്കുന്നു.

തന്റെ ജീവിതത്തില്‍ തനിക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ് നിഖിലിനെ സഹായിക്കുന്നതിലൂടെ നടന്നതെന്നാണ് ആലുങ്ങല്‍ മുഹമ്മദ് പ്രേക്ഷക സംസ്ഥാന സമ്മേളന വേദിയില്‍ പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് പോലും മനസ് തളരുന്ന കുട്ടികള്‍ നിഖിലിനെ മാതൃകയാക്കണമെന്നും ആലുങ്ങല്‍ മുഹമ്മദ് പറഞ്ഞു.

Read Also : ഫ്‌ളവേഴ്‌സ് ഒരുകോടി ഇംപാക്ട്; കുടുംബത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിൽ, ജോഷി ആന്റണിക്ക് പണം തിരികെ നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

ഫ്ളവേഴ്സ് ടിവിക്കും ശ്രീകണ്ഠന്‍ നായര്‍ക്കും ആലുങ്ങല്‍ മുഹമ്മദിനും നിഖിലിന്റെ അമ്മ വേദിയില്‍ വച്ച് നിറകണ്ണുകളോടെ നന്ദി പറഞ്ഞു. പ്രായസത്തിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് ജീവിതം പഠിക്കേണ്ടതെന്നാണ് നിഖില്‍ പറയുന്നത്. കുടുംബത്തെ നോക്കുന്നത് ആദ്യം തനിക്ക് ഭാരമായിരുന്നുവെന്നും, എന്നാല്‍ ഇന്ന് തന്റെ കുടുംബം തനിക്ക് അഭിമാനമാണെന്ന് നിഖില്‍ പറഞ്ഞു. ആരും തിരിഞ്ഞു നോക്കാനില്ലാതെ അനാഥരായി ജീവിച്ച തങ്ങള്‍ക്ക് ഇന്ന് സഹായവുമായി സുമനസുകള്‍ എത്തുന്നതില്‍ നന്ദിയുണ്ടെന്ന് നിഖില്‍ പറഞ്ഞു.

Story highlights : Nikhil studies and mother treatment sponsored by Abeer group