“ഇതിലും വലുത് നേടാനാകുമോ എന്നറിയില്ല..”; അവാർഡ് ദാന വേദിയിൽ ശബ്‌ദമിടറി വാക്കുകൾ പൂർത്തിയാക്കാനാവാതെ നടൻ ജോജു ജോർജ്

September 25, 2022

ജോജു ജോർജും ബിജു മേനോനുമാണ് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്. ഏറെ അർഹിക്കുന്ന അംഗീകാരം തന്നെയാണ് ഇരുവരെയും തേടി വന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

പുരസ്‌ക്കാര വേദിയിൽ അവാർഡ് സ്വീകരിച്ചതിന് ശേഷമുള്ള പ്രതികരണം നടത്തുന്നതിനിടയിൽ ശബ്‌ദമിടറി വികാരാധീനനാവുകയായിരുന്നു നടൻ ജോജു ജോർജ്. “ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന അവാർഡിലൂടെ സ്വന്തമായത്. എനിക്കിതിലും വലിയ നേട്ടം നേടാനാകുമോയെന്നറിയില്ല, വളരെ സന്തോഷം. കുടുംബത്തോടും എല്ലാവരോടും നന്ദി. ബിജുവേട്ടൻ മമ്മൂക്ക തുടങ്ങി ഒരുപാട് പേരുടെ സഹായം ഉണ്ടായിരുന്നു.” ജോജു വേദിയിൽ പറഞ്ഞു.

ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ശബ്‌ദമിടറിയത്. ഇതോടെ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം വേദി വിടുകയായിരുന്നു.

നായാട്ട്, മധുരം എന്നീ ചിത്രങ്ങളിൽ കാഴ്‌ചവെച്ച മികച്ച പ്രകടനത്തിലൂടെയാണ് ജോജു മികച്ച നടനായത്. അസാധാരണ ജീവിത മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന സാധാരണക്കാരായ മനുഷ്യരെയാണ് നടൻ ഈ രണ്ട് ചിത്രങ്ങളിലും അവതരിപ്പിച്ചത്. സൂക്ഷ്മാഭിനയത്തിലൂടെ കഥാപാത്രങ്ങളുടെ വേദന പ്രേക്ഷകരിലേക്കെത്തിച്ച നടന്റെ പ്രകടനം ചിത്രങ്ങൾ പുറത്തു വന്നപ്പോൾ തന്നെ വലിയ രീതിയിൽ കൈയടി നേടിയിരുന്നു. ഇപ്പോൾ നടന്റെ മികവിനുള്ള അംഗീകാരം കൂടിയായി മാറുകയായിരുന്നു അവാർഡ്.

Read More: നയൻതാരയുടെ ജീവിതവും വിവാഹവും; ഡോക്യുമെന്ററി ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്

ജോജുവിനൊപ്പം ബിജു മേനോനും മികച്ച നടനുള്ള അവാർഡ് നേടി. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ബിജു മേനോൻ അവാർഡിന് അർഹനായത്. ‘ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നടി രേവതി മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്.

Story Highlights: Joju gets emotional during award ceremony