ദേശീയ ഗാനം ആലപിച്ച് വികാരഭരിതനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ-വിഡിയോ
തകർപ്പൻ വിജയമാണ് ടി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയിരിക്കുന്നത്. 4 വിക്കറ്റിനാണ് പാകിസ്ഥാനെതിരെ ഇന്ത്യ വിജയം കൊയ്തത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തിലാണ് വിജയറൺ നേടിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യ മികച്ച പിന്തുണയാണ് കോലിക്ക് നൽകിയത്. അവസാന പന്തിൽ ബൗണ്ടറി നേടിയ അശ്വിന്റെ പ്രകടനത്തിനും ആരാധകർ ഇപ്പോൾ കൈയടിക്കുകയാണ്.
മത്സരം തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ദേശീയ ഗാനത്തിനിടയ്ക്ക് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വികാരഭരിതനാവുന്ന നിമിഷങ്ങളാണ് ആരാധകർക്ക് ഹൃദ്യമായത്. ഇതിൻ്റെ വിഡിയോ ഐസിസി തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. രോഹിത് ശർമ നായകനാവുന്ന ആദ്യ ഐസിസി ഇവൻ്റാണ് ഇത്.
അതേ സമയം വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് ഒരു ഘട്ടത്തിൽ കൈവിട്ട് പോയി എന്ന് കരുതിയ പാകിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ തിരിച്ചു പിടിച്ചത്. ഈ വർഷം തുടങ്ങിയപ്പോൾ വിരാട് കോലിയുടെ കരിയറിന്റെ അന്ത്യമായി എന്ന് കരുതിയവരാണ് കൂടുതലും. എന്നാലിന്ന് കായിക രംഗത്തെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി മാറിയിരിക്കുകയാണ് താരം. മികച്ച ബാറ്റിങ്ങിലൂടെ വിമർശകർക്കുള്ള മറുപടി കൂടിയാണ് കോലി നൽകിയത്.
Read More: 39-മത് സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി എറണാകുളം
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് അനുകൂലമായിരുന്നെങ്കിലും കാലാവസ്ഥ പരിഗണിച്ചാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പാകിസ്ഥാനെ ബാറ്റിങിനയച്ചത്.
Story Highlights: Rohith sharma emotional while playing national anthem