തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് 100 റൺസ് വിജയലക്ഷ്യം
നിർണായകമായ മൂന്നാം ഏകദിനത്തിൽ വലിയ ബാറ്റിംഗ് തകർച്ചയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. മൂന്നക്കം കാണാൻ കഴിയാതെ ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കയ്ക്ക് 27.1 ഓവറിൽ 99 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോറാണിത്.
100 റൺസ് വിജലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടമാവാതെ 4 ഓവറിൽ 24 റൺസ് എടുത്തിട്ടുണ്ട്. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതോടെ 1-1ന് സമനിലയിലാണ്. ഈ മത്സരം ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. 12 വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.
ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ ടീം കളത്തിലിറങ്ങിയിരിക്കുന്നത്. ഡേവിഡ് മില്ലറാണ് ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ നായകൻ.
ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ , വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ എന്നിവരാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുള്ളത്.
ക്വിന്റൺ ഡി കോക്ക്, യെനെമാൻ മലാൻ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ (ക്യാപ്റ്റൻ), മാർക്കോ ജാൻസൻ, ആൻഡിലെ ഫെഹ്ലുക്വായോ, ജോൺ ഫോർച്യൂയിൻ, ലുങ്കി എൻഗിഡി, എൻറിക് നോർട്ട്ജെ എന്നീ താരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇന്നിറങ്ങിയിരിക്കുന്നത്.
Story Highlights: South africa all out at 99